ഷാർജ പുസ്തകോത്സവത്തിന് കൊടിയിറങ്ങി
ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി. പതിനൊന്ന് ദിവസമായി വായനക്കാരെയും പുസ്തക പ്രേമികളെയുംകൊണ്ട് നിറഞ്ഞുകവിഞ്ഞ പുസ്തകോത്സവ നഗരിയിൽ നിന്ന് കഴിഞ്ഞുപോയ ദിവസങ്ങളിലെ സാഹിത്യോത്സവത്തിന്റെ ആവേശം ആവാഹിച്ചാണ് എല്ലാവരും മടങ്ങിയത്.
ശനിയാഴ്ച രാത്രിയാണ് 36−ാംമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനമായത്. വായനയുടെ ഉത്സവം അക്ഷരാർത്ഥത്തിൽ ഷാർജയെ ഉത്സവനഗരിയാക്കുകയായിരുന്നു. ലോകത്തിൽ മൂന്നാം സ്ഥാനത്തുള്ള ഷാർജ പുസ്തകോത്സവം വിദൂരമല്ലാതെ ഒന്നാമതെത്തുമെന്ന കണക്കുകൂട്ടലുകൾ ശരിയായിത്തീരുംവിധമാണ് മേളയിലെ ജനപങ്കാളിത്തം.
ആയിരക്കണക്കിന് ആളുകളാണ് ഈ മാസം ഒന്നുമുതൽ മേള സംഘടിപ്പിച്ച അൽ തവാനൂനിലെ എക്സ്പോ സെന്ററിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തിയത്. യു.എ.ഇയിലെ പ്രത്യേകിച്ചും ഷാർജയിലെ നൂറുകണക്കിന് സ്കൂളുകളിൽനിന്ന് മേളയിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് വിദ്യാർത്ഥികളും എത്തിച്ചേർന്നു. വർഷത്തിൽ നൂറുകണക്കിന് പ്രദർശനം നടക്കുന്ന ഷാർജ എക്സ്പോ സെന്ററിൽ പുസ്തകോത്സവം പോലെ ജനപങ്കാളിത്തം മറ്റൊന്നിനുമില്ല.
വായിച്ചും കേട്ടും മാത്രമറിഞ്ഞ പ്രശസ്ത എഴുത്തുകാരെയും കായിക, സിനിമാ താരങ്ങളേയും നേരിൽ കണ്ടപ്പോൾ പലർക്കും അതൊരു അസുലഭ അവസരമായി. മലയാളികളടക്കമുള്ളവർ അതിഥികളുടെ പുസ്തകങ്ങളിൽ ഒപ്പുവാങ്ങിയും കൂടെനിന്ന് ഫോട്ടോയെടുത്തും മേള ആഘോഷമാക്കി.
കേരളത്തിൽ നിന്നെത്തിയ എഴുത്തുകാരും സാംസ്കാരിക നായകരും ഷാർജ പുസ്തകോത്സവം അതിശയമായെന്ന് മറയില്ലാതെ തുറന്നുപറഞ്ഞു. കേരളത്തിൽ വായനയ്ക്ക് ഇത്രയും ജനപങ്കാളിത്തം അസാധ്യമാണെന്ന് എഴുത്തുകാരായ സി. രാധാകൃഷ്ണൻ, സാറാജോസഫ്, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ പനച്ചൂരാൻ, ഇന്നസെന്റ് എന്നിവരെല്ലാം അഭിപ്രായപ്പെട്ടു.


