തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവെക്കരുത്; കർശന നിർദേശവുമായി ദുബായ് എമിഗ്രേഷൻ
ഷീബ വിജയൻ
ദുബായ്: തൊഴിലാളികളുടെ പാസ്പോർട്ട് യാതൊരു കാരണവശാലും പിടിച്ചുവെക്കരുതെന്ന് തൊഴിലുടമകൾക്ക് ദുബായ് താമസ-കുടിയേറ്റകാര്യ വകുപ്പിന്റെ (GDRFA) കർശന മുന്നറിയിപ്പ്. തൊഴിലാളികളുടെ അവകാശം കൃത്യമായി സംരക്ഷിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
നിയമപരമായ ചട്ടങ്ങൾക്ക് വിധേയമല്ലാതെ ഒരു സാഹചര്യത്തിലും തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്പോർട്ടുകൾ കൈവശം വയ്ക്കാനോ പിടിച്ചുവെക്കാനോ പാടില്ല. ജി.ഡി.ആർ.എഫ്.എ ദുബായുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട 'സ്റ്റേ ലീഗൽ' (നിയമപരമായി ജീവിക്കാം) എന്ന ക്യാമ്പെയ്നിലാണ് ഈ നിർദേശം നൽകിയിട്ടുള്ളത്. അക്കൗണ്ട്സ്, ഫിനാൻസ് അടക്കമുള്ള ചില പ്രത്യേക മേഖലകളിലെ ജീവനക്കാരുടെ പാസ്‌പോർട്ട് മാത്രമാണ് തൊഴിലുടമയ്ക്ക് നിയമപരമായി സൂക്ഷിക്കാൻ അവകാശമുള്ളത്. എല്ലാ ജീവനക്കാരുടേയും പാസ്‌പോർട്ടോ മറ്റ് നിർണായക രേഖകളോ കൈവശം വെക്കാൻ തൊഴിലുടമയ്ക്ക് കഴിയില്ല. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടണം. നിയമവിരുദ്ധമായി യാത്രാരേഖകൾ പിടിച്ചുവെക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. രാജ്യത്തെ തൊഴിൽ അന്തരീക്ഷം കൂടുതൽ സുതാര്യമാക്കാനും വിദേശ തൊഴിലാളികൾക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നിയമ ബോധവൽക്കരണ സന്ദേശങ്ങൾ പങ്കുവെക്കുന്നത്. നിയമങ്ങൾ കൃത്യമായി പാലിച്ച് എല്ലാവരും സുരക്ഷിതമായ തൊഴിൽ സംസ്കാരത്തോട് സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
dsasdasa

