ദുബായിൽ പൊതുസ്ഥലങ്ങളിൽ വാഹനം ദീർഘനാൾ ഉപേക്ഷിച്ചിട്ടാൽ കനത്ത പിഴ
ഷീബ വിജയൻ
ദുബായ്: വാഹനങ്ങൾ കൂടുതൽ ദിവസം പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചിട്ടു പോകരുതെന്ന് ദുബായ് നഗരസഭയുടെ കർശന മുന്നറിയിപ്പ്. അറ്റകുറ്റപ്പണികൾ നടത്താതെ ദീർഘനാൾ വാഹനങ്ങൾ ഒരേ സ്ഥലത്ത് കിടക്കുന്നത് നഗരത്തിന്റെ ഭംഗിയെ ദോഷകരമായി ബാധിക്കും. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ഉടമകളിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
വാർഷിക അവധിക്കാലം ആരംഭിച്ച സാഹചര്യത്തിൽ, വിദേശത്തേക്ക് യാത്ര ചെയ്യുന്ന വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങൾ സംരക്ഷിക്കുന്നതിനായി അഞ്ച് പ്രധാന നിർദേശങ്ങൾ പാലിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. വിജനമായ സ്ഥലങ്ങളിലും മണൽ നിറഞ്ഞ പ്രദേശങ്ങളിലും വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുക, നിശ്ചിത ഇടവേളകളിൽ വാഹനം വൃത്തിയാക്കാൻ ആളുകളെ ഏർപ്പാടാക്കുക, പ്രൊട്ടക്റ്റീവ് കവറുകൾ ഉപയോഗിക്കുക, സുരക്ഷിതവും നിയമപരവുമായ പാർക്കിങ് കേന്ദ്രങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യുക എന്നിവയാണ് ഈ നിർദേശങ്ങൾ.
നിയമം തെറ്റിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ അവസ്ഥയും അവ കിടക്കുന്ന സ്ഥലവും പരിഗണിച്ച് 3 മുതൽ 15 ദിവസം വരെ കാലാവധിയുള്ള മുന്നറിയിപ്പ് നോട്ടീസ് ആദ്യഘട്ടത്തിൽ അധികൃതർ വാഹനത്തിൽ പതിക്കും. ദുബായിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഉടമകൾക്ക് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) റെക്കോർഡുകൾ വഴി മൊബൈലിൽ സന്ദേശവും അയക്കും. ഈ മുന്നറിയിപ്പ് കാലാവധി കഴിഞ്ഞിട്ടും വാഹനം മാറ്റിയില്ലെങ്കിൽ, എമിറേറ്റ്‌സ് പാർക്കിങ്ങുമായി സഹകരിച്ച് ഇവ അവിടെനിന്ന് നീക്കം ചെയ്യുകയും അൽ അവിറിലെ യാർഡിലേക്ക് മാറ്റുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുന്നതിനൊപ്പം വാഹനം മാറ്റുന്നതിനുള്ള ചെലവും യാർഡിലെ സൂക്ഷിപ്പ് ചാർജും ഉടമയിൽ നിന്ന് ഈടാക്കും. വാഹനം മാറ്റാൻ പ്രത്യേക സജ്ജീകരണങ്ങൾ ആവശ്യമായി വന്നാൽ അതിന്റെ അധിക ചെലവും ഉടമ തന്നെ വഹിക്കേണ്ടിവരും.
dfscdfs

