2018 യു.എ.ഇ ‘സായിദ്’ വർഷമായി ആചരിക്കും
അബുദാബി : രാഷ്ട്രപിതാവ് ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശതാബ്‌ദി വർഷമായ 2018 ‘സായിദ് വർഷം ആയി യു.എ.ഇ ആചരിക്കും. 1971–2004 കാലഘട്ടത്തിൽ ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ യു.എ.ഇയുടെ പ്രസിഡണ്ട് പദവി അലങ്കരിച്ചതോടെ സുവർണപാതയിൽ രാജ്യം ബഹുദൂരം മുന്നേറിയെന്ന് യു.എ.ഇ പ്രസിഡണ്ട്് ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
സ്വന്തം ജീവിതം കൊണ്ട് ലോകത്തിനു വഴികാട്ടിയ മരുഭൂമിയിലെ യുഗപുരുഷന്റെ ജന്മശതാബ്‌ദി വേളയിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക, സാംസ്‌കാരിക, വികസനപദ്ധതികളും യാഥാർഥ്യമാക്കുമെന്നും ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.
ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളിലേക്ക് അതിവേഗം രാജ്യത്തെ നയിച്ച നേതാവാണ് ഷെയ്‌ഖ് സായിദെന്ന് ഷെയ്‌ഖ് ഖലീഫ പറഞ്ഞു. അദ്ദേഹം അബുദാബിയുടെ ഭരണസാരഥ്യമേറ്റെടുത്ത 1966 ആഗസ്റ്റ് ആറിനാണ് രാജ്യത്തിന്റെ സുവർണചരിത്രത്തിനു തുടക്കം കുറിച്ചത്.
അബുദാബിയിലെ കിഴക്കൻ മേഖലയിൽ ഭരണാധികാരിയുടെ പ്രതിനിധിയായി 1946 മുതൽ 1966 വരെ പ്രവർത്തിച്ച ഷെയ്‌ഖ് സായിദിന്റെ ഭരണ വൈദഗ്‌ദ്ധ്യമാണ് തുടർന്നുള്ള പദവികളിലേക്ക് അദ്ദേഹത്തെ നയിച്ചത്.

