യുഎഇയിൽ തൊഴിലാളികൾക്കു സമഗ്ര ആരോഗ്യ സംരക്ഷണ സേവനങ്ങൾ
അബുദാബി : രാജ്യത്തെ ആയിരക്കണക്കിനു തൊഴിലാളികൾക്കു യുഎഇ കമ്യൂണിറ്റി വൊളന്റിയറിങ് പ്രോഗ്രാം വഴി രോഗനിർണയം, ചികിത്സ, പ്രതിരോധ പ്രവർത്തനം എന്നിവ നടപ്പാക്കുന്നു. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിഭാവനം ചെയ്‌ത ദാന വർഷാചരണത്തിന്റെ ഭാഗമായാണിത്. മാനുഷിക മൊബൈൽ മെഡിക്കൽ മിഷൻ പദ്ധതി സായിദ് ഗിവിങ് ഇനീഷ്യേറ്റീവ്, ദാർ അൽ ബേർ സൊസൈറ്റി, ഷാർജ ചാരിറ്റി ഹൗസ്, സൗദി ജർമൻ ആശുപത്രി ഗ്രൂപ്പ് എന്നിവയുടെ സംയുക്‌ത സഹകരണത്തോടെ സന്നദ്ധസേവകരായ ഡോക്‌ടർമാരാണു തൊഴിലാളികൾക്കു സമഗ്ര ആരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകുന്നത്.
ഹ്യുമാനിറ്റേറിയൻ വർക് അംബാസഡർ ഡോ. റീം ഉസ്‌മാന്റെ നേതൃത്വത്തിൽ ജനങ്ങൾക്കു താമസസ്‌ഥലത്തും ജോലിസ്‌ഥലത്തും ഉയർന്ന നിലവാരമുള്ള ആരോഗ്യസംരക്ഷണ സേവനങ്ങൾ ലഭ്യമാക്കുമെന്നു സായിദ് ഗിവിങ് ഇനീഷ്യേറ്റീവ് സിഇഒ ഡോ. ആദിൽ അൽ ഷമേരി അറിയിച്ചു.

