മുംബൈയിൽ ഫ്ലാറ്റിൽ മൂന്ന് സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി
ശാരിക
മുംബൈ: മുംബൈക്കടുത്ത് വിരാറിലെ ഫ്ലാറ്റിൽ മൂന്ന് സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. വിരാർ വെസ്റ്റിലെ ഗ്ലോബൽ സിറ്റി മേഖലയിലുള്ള ഗാർഡൻ അവന്യൂവിലെ ഡി വിങ്ങിലെ 1203-ാം നമ്പർ ഫ്ലാറ്റിൽ കുമാർ മേത്ത (50), ദീപേഷ് മേത്ത (52), ഖേവന മേത്ത (48) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ 2.30 ഓടെ ബോലിഞ്ച് പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്താണ് പുറത്തെടുത്തത്. ഫ്ലാറ്റിൽ നിന്ന് ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് മുതൽ നാല് ദിവസം മുമ്പ് ഇവർ മരിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
വിഷം കഴിച്ച് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിന് മുമ്പ് ഗുജറാത്തി ഭാഷയിൽ ചിത്രീകരിച്ച വിഡിയോയിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും സഹോദരങ്ങൾ സംസാരിച്ചിരുന്നു. 2025 മുതൽ വാടക ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്ന ഇവരിൽ ഒരാൾ പക്ഷാഘാതത്തിനും മറ്റൊരാൾ കാൻസറിനും ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇവരുടെ സഹോദരിയുമായി ബന്ധപ്പെടുകയും, ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി അവർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ച പൊലീസ് കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
dsfdsf

