11 ലക്ഷം ദിർഹം സഹായം; ഷാർജയിൽ 28 തടവുകാർക്ക് മോചനമൊരുങ്ങി
ഷീബ വിജയ൯
ഷാർജ: 11 ലക്ഷം ദിർഹം ധനസഹായം ലഭിച്ചതോടെ ഷാർജയിൽ 28 തടവുകാർക്ക് മോചനമൊരുങ്ങുന്നു. അൽ ഖാലിദിയ സബർബ് കൗൺസിലാണ് സാമ്പത്തിക പ്രയാസം നേരിടുന്ന തടവുകാരുടെ മോചനത്തിനായി 11,06,088 ദിർഹത്തിന്‍റെ സാമ്പത്തിക സഹായം അനുവദിച്ചത്. ഷാർജ പൊലീസ് ആസ്ഥാനത്ത് നടത്തിയ സന്ദർശനത്തിനിടെ അൽ ഖാലിദിയ സബർബ് കൗൺസിൽ ചെയർമാൻ ഖൽഫാൻ സഈദ് അൽ മർറിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമറിന് ഖൽഫാൻ സഈദ് അൽ മർറി ധനസഹായം കൈമാറി. കൗൺസിൽ നടത്തിവരുന്ന ‘അൽ ഖാലിദിയ.. ദാനവും വിടുതലും’ എന്ന ജീവകാരുണ്യ സംരംഭത്തിന്‍റെ നാലാം ഘട്ടം അടയാളപ്പെടുത്തുന്നതാണ് പുതിയ നീക്കമെന്ന് കൗൺസിൽ അറിയിച്ചു. എമിറേറ്റിലുടനീളം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തടവുകാരെ സഹായിക്കുന്നതിന് ലക്ഷ്യമിടുന്നതാണ് ‘അൽ ഖാലിദിയ.. ദാനവും വിടുതലും’ എന്ന സംരംഭം. പുതിയ നീക്കം ഫലപ്രദമായ സാമൂഹിക പങ്കാളിത്തത്തിന്‍റെ മാതൃകയും ഷാർജയുടെ ദീർഘകാല മാനുഷിക മൂല്യങ്ങളുടെ പ്രതിഫലനവുമാണെന്ന് ഷാർജ പൊലീസ് അഭിപ്രായപ്പെട്ടു. യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകളോട് ചേർന്ന് നിൽക്കുന്നതാണ് ഇത്തരം പദ്ധതികളെന്ന് ഖൽഫാൻ സഈദ് അൽ മർറി പറഞ്ഞു.
cxzcxxczx
