യുഎഇയിൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു; യാത്രക്കാർക്ക് കർശന നിർദ്ദേശം
പ്രദീപ് പുറവങ്കര
ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങളെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ യുഎഇ ഭാഗികമായി പുനരാരംഭിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി ഇന്ന് മുതൽ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB), ദുബായ് വേൾഡ് സെൻട്രൽ (DWC) എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പുനരാരംഭിച്ചത്.
നിലവിലെ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി അതോറിറ്റി യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കാതെ യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് എത്തരുതെന്ന് അധികൃതർ കർശനമായി നിർദ്ദേശിച്ചു. യാത്രക്കാരുടെ യാത്രാ തീയതിയും മറ്റ് വിശദാംശങ്ങളും ബന്ധപ്പെട്ട എയർലൈനുകൾ യാത്രക്കാരെ വ്യക്തിപരമായി അറിയിക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി.
യാത്രക്കാരുടെ പൂർണ്ണ സഹകരണം ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നിർദ്ദേശങ്ങൾ പാലിക്കുന്നത് വിമാനത്താവള നടപടികൾ സുഗമമാക്കാനും വിമാന സർവീസുകൾ തടസ്സമില്ലാതെ തുടരാനും സഹായിക്കും. മേഖലയിലെ രാഷ്ട്രീയ-സൈനിക നീക്കങ്ങൾ വിമാന ഗതാഗതത്തെ ബാധിച്ച പശ്ചാത്തലത്തിൽ, അതീവ ജാഗ്രതയോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
aa


