ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം; അടിയന്തരമായി രാജ്യം വിടണമെന്ന് യു.എസ് എംബസി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകുന്നതായും വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ തുടർന്നും നൽകുമെന്നും യു.എസ് എംബസി അറിയിച്ചു. മിഡിൽ ഈസ്റ്റ് വിടാൻ ആഗ്രഹിക്കുന്ന അമേരിക്കൻ പൗരന്മാരെ സഹായിക്കാൻ യു.എസ് സർക്കാർ സന്നദ്ധമാണെന്ന് അൽ-അയാം പത്രത്തിന് നൽകിയ പ്രസ്താവനയിൽ എംബസി വ്യക്തമാക്കി. നിലവിൽ ലഭ്യമായ യാത്രാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താത്തവർ വീടുകളിലോ സുരക്ഷിതമായ കെട്ടിടങ്ങളിലോ തന്നെ തുടരണമെന്നും ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ കരുതണമെന്നും നിർദ്ദേശമുണ്ട്.
സായുധ സംഘർഷ സാധ്യത കണക്കിലെടുത്ത്, അത്യാവശ്യ വിഭാഗത്തിൽപ്പെടാത്ത സർക്കാർ ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും ബഹ്‌റൈൻ വിടാൻ മാർച്ച് 2-ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടിരുന്നു. സുരക്ഷിതമായ സാഹചര്യം ഉണ്ടെങ്കിൽ മറ്റ് പൗരന്മാരും ഉടൻ തന്നെ രാജ്യം വിടണമെന്ന് എംബസി ഉപദേശിച്ചു. നിലവിൽ എല്ലാത്തരം കോൺസുലർ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്ക് manamaconsular@state.gov എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
ബഹ്‌റൈൻ വ്യോമപാത നിലവിൽ അടച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനരഹിതമായതിനാൽ വിമാന സർവീസുകൾ റദ്ദാക്കി. എന്നാൽ കിംഗ് ഫഹദ് കോസ്‌വേ (സൗദി അതിർത്തി) നിലവിൽ തുറന്നിട്ടുണ്ടെന്നും ഇതിന്റെ പ്രവർത്തന സമയത്തിൽ മുൻകൂട്ടി അറിയിപ്പില്ലാതെ മാറ്റങ്ങൾ വരാമെന്നും എംബസി ഓർമ്മിപ്പിച്ചു.
ബഹ്‌റൈനുള്ളിൽ അടിയന്തര സഹായത്തിന് 999 എന്ന നമ്പറിൽ വിളിക്കുക. അമേരിക്കയിലോ കാനഡയിലോ ഉള്ളവർക്ക് +1-888-407-4747 എന്ന നമ്പറിലും, മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് +1-202-501-4444 എന്ന നമ്പറിലും കോൺസുലർ അഫയേഴ്‌സുമായി ബന്ധപ്പെടാം. കൃത്യമായ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനായി സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യാനും എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.
dsvdfsfsd


