ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ മഴ; യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു
പ്രദീപ് പുറവങ്കര
മനാമ/അബുദാബി: അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത നീക്കത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു. കുവൈറ്റ്, യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ശക്തമായ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഫാർസ്' റിപ്പോർട്ട് ചെയ്തു.
ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ (5th Fleet) സർവീസ് സെന്ററിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ബഹ്‌റൈൻ നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. അടിയന്തര സാഹചര്യമാണെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കാണിച്ച് ആഭ്യന്തര മന്ത്രാലയം ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശം അയച്ചു. മനാമയിൽ സൈറൺ മുഴങ്ങിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
യുഎഇ തലസ്ഥാനമായ അബുദാബിയിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ യുഎഇ പ്രതിരോധ സേന വിജയകരമായി തകർത്തെങ്കിലും, തകർന്നുവീണ മിസൈൽ ഭാഗങ്ങൾ അബുദാബിയിലെ ജനവാസ മേഖലയിൽ പതിച്ചു. ഈ അപകടത്തിൽ ഏഷ്യൻ വംശജനായ ഒരാൾ കൊല്ലപ്പെട്ടതായും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട് ചെയ്തു. മുൻകരുതൽ നടപടിയായി യുഎഇ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു.
ഖത്തറിലെ അമേരിക്കൻ താവളങ്ങൾക്ക് സമീപവും അപായ സൈറണുകൾ മുഴങ്ങി. ഖത്തറിന് നേരെ വന്ന ഇറാന്റെ മിസൈൽ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സമാനമായ രീതിയിൽ ജോർദാനിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ സൈന്യം വെടിവെച്ചിട്ടതായി ജോർദാൻ വാർത്താ ഏജൻസിയായ 'പെട്ര' റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ ആക്രമണത്തിന് മറുപടിയായി കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതോടെ മിഡിൽ ഈസ്റ്റ് വലിയൊരു യുദ്ധത്തിന്റെ നിഴലിലായിരിക്കുകയാണ്.
ddsfdsf


