ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസീസ് നായകൻ പാറ്റ് കമ്മിൻസ്


ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഓസീസിന് ലോകകപ്പ് നേടിക്കൊടുത്ത നായകനുവേണ്ടി വാശിയേറിയ ലേലംവിളിയാണ് നടന്നത്. രണ്ടുകോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന കമ്മിൻസിനെ 20.5 കോടി മുടക്കി സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തം പാള‍യത്തിലെത്തിച്ചു. ഓസീസ് നായകനെ ടീമിൽ എത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരുമാണ് ആദ്യം ലേലം വിളിച്ചു തുടങ്ങിയത്. വില ഏഴുകോടി കടന്നതോടെ ചെന്നൈ പിന്മാറി. എന്നാൽ ഇതോടെ രംഗത്തെത്തിയ സൺറൈസേഴ്സ് വാശിയോടെ പണം വാരിയെറിഞ്ഞ് കമ്മിൻസിനെ സ്വന്തം പാളയത്തിൽ എത്തിക്കുകയായിരുന്നു. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ ഇത്തവണത്തെ മറ്റൊരു വിലയേറിയ താരമായി. ഒരുകോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിനായി ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്സുമാണ് രംഗത്തെത്തിയത്. അവസാനനിമിഷത്തിൽ രംഗത്തെത്തിയ ചെന്നൈ ഒടുവിൽ മിച്ചലിനെ ടീമിലെത്തിക്കുകയായിരുന്നു. 

11.75 കോടി രൂപയ്ക്ക് ഇന്ത്യൻ താരം ഹർഷൽ പട്ടേലിനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. രണ്ടുകോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിനായി ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിംഗ്സുമാണ് രംഗത്തുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കൻ താരം ജെരാർദ് കോട്ട്സീയെ അഞ്ചുകോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഇംഗ്ലണ്ട് താരം ക്രിസ് വോക്സിനെ 4.2 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു. അതേസമയം, ന്യൂസിലൻഡ് യുവതാരം രചിന്‍ രവീന്ദ്രയെ 1.80 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. കിവീസിന്‍റെ ലോകകപ്പ് ഹീറോയ്ക്കായി വാശിയേറിയ ലേലം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന രചിനായി ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ആദ്യ റൗണ്ടില്‍ രംഗത്തെത്തിയത്. 

ഇന്ത്യൻ താരം ശാർദുൽ താക്കൂറിനെ നാലുകോടി രൂപയ്ക്ക് ചെന്നൈ തിരിച്ചുപിടിച്ചു. ശ്രീലങ്കൻ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് ടി20 ടീമിന്‍റെ നായകനായ റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്ക് 3.60 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനായി വാശിയേറിയ ലേലംവിളി നടന്നു. രണ്ടുകോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഹെഡിനായി സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് രംഗത്തെത്തിയത്. ഒടുവില്‍ 6.80 കോടി രൂപയിലെത്തിയതോടെ ചെന്നൈ പിന്മാറി. ഹൈദരാബാദ് ഹെഡിനെ സ്വന്തമാക്കി. അതേസമയം വാശിയേറിയ ലേലം പ്രതീക്ഷിച്ച പല താരങ്ങൾ‌ക്കും ആവശ്യക്കാരെത്താതിരുന്നതും ശ്രദ്ധേയമായി. ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോക്കായി ആദ്യറൗണ്ടിൽ ആരും രംഗത്തെത്തിയില്ല. രണ്ടുകോടി രൂപയാണ് റൂസോയുടെ അടിസ്ഥാനവില. തനിക്കുവേണ്ടി വാശിയേറിയ ലേലംവിളിയുണ്ടാകുമെന്ന് താരംതന്നെ പ്രതികരിച്ചിരുന്നു. 

ഓസീസ് മുൻ നായകന്‍ സ്റ്റീവ് സ്മിത്തിനായും ആദ്യഘട്ടത്തിൽ ഒരു ടീമും രംഗത്തുവന്നില്ല. രണ്ടുകോടി രൂപയാണ് സ്മിത്തിന്‍റെ അടിസ്ഥാനവില. 50 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഇന്ത്യന്‍ താരങ്ങളായ കരുണ്‍ നായര്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്കും ആദ്യഘട്ടത്തിലെ ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. ഐപിഎല്‍ മിനി താരലേലം തുടങ്ങാന്‍ മണിക്കൂറുകള്‍ മുമ്പ് മൂന്നു താരങ്ങൾ ലേലത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇംഗ്ലണ്ട് താരം റെഹാന്‍ അഹമ്മദ്, ബംഗ്ലാദേശ് താരങ്ങളായ ടസ്കിന്‍ അഹമ്മദ്, ഷൊരിഫുള്‍ ഇസ്ലാം എന്നിവരാണ് അവസാന നിമിഷം പിന്മാറിയത്.

article-image

േ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed