ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചൂളംവിളി
ചെന്നൈയിൽ നടന്ന 63ാമത് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഉജ്ജ്വല പ്രകടനം. പുരുഷവിഭാഗത്തില്‍ നിലവിലെ ജേതാക്കളായ തമിഴ്നാടിനെയും വനിതാവിഭാഗത്തില്‍ കേരളത്തിനെയുമാണ് റെയില്‍വേസ് തകര്‍ത്തത്. അഞ്ചു സെറ്റ് നീണ്ട കനത്തപോരാട്ടത്തിലാണ് പുരുഷ ടീം കിരീടം ചൂടിയത്. സ്കോര്‍: 18-25, 18-25, 25-23, 28-26, 15-09. വനിതാവിഭാഗത്തില്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കേരളം വീണ്ടും തീവണ്ടിപ്പടക്ക് മുന്നില്‍ തലകുനിച്ചു. സ്കോര്‍: 17-25, 21-25, 18-25. പുരുഷവിഭാഗത്തില്‍ നിരവധി ദേശീയതാരങ്ങള്‍ അണിനിരന്ന തമിഴ്നാടിനു തന്നെയായിരുന്നു തുടക്കത്തില്‍ മുന്‍തൂക്കം. ആദ്യ രണ്ട് സെറ്റും അനായാസം സ്വന്തമാക്കിയ തമിഴ്നാട് കിരീടം നിലനിര്‍ത്തുമെന്ന് തോന്നിച്ചഘട്ടത്തിലാണ് മൂന്നാം സെറ്റില്‍ മലയാളി കരുത്തില്‍ റെയില്‍വേ അദ്ഭുതകരമായി തിരിച്ചുവന്നത്. സെറ്ററും മലയാളിയുമായ ദേശീയതാരം കെ.ജെ കപില്‍ദേവും അറ്റാക്കറും മലയാളി ദേശീയതാരവുമായ മനുജോസഫും തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ മൂന്നാം സെറ്റ് റെയില്‍വേ വരുതിയിലാക്കി. സ്കോര്‍: 25-23. ഇഞ്ചോടിഞ്ച് പോരാടിയ നാലാം സെറ്റ് 28-26ന് റെയില്‍വേ സ്വന്തമാക്കി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ഏകപക്ഷീയമായി റെയില്‍വേ മുന്നേറിയതോടെ തിങ്ങിനിറഞ്ഞ ഗാലറി സ്തംഭിച്ചു. അദ്ഭുതകരമായ പോരാട്ടം കാഴ്ചവെച്ച റെയില്‍വേ 15-9നാണ് തമിഴ്നാടിനെ സ്വന്തംതട്ടകത്തില്‍ മുട്ടുകുത്തിച്ചത്. പ്രഭാകരനും സന്ദീപ് കുമാറും റെയില്‍വേക്കുവേണ്ടി മികച്ചപ്രകടനം കാഴ്ചവെച്ചു. വനിതാവിഭാഗത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും കേരളത്തെ തോല്‍പ്പിച്ച് കിരീടം ചൂടിയ ചരിത്രം തിരുത്താന്‍ ഇത്തവണയും കേരളത്തിനായില്ല. ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറുമലയാളി താരങ്ങളുള്‍പ്പെടുന്ന റെയില്‍വേയുടെ മികച്ച ആക്രമണവും പ്രതിരോധവും കേരളത്തിനെ വട്ടംകറക്കി. പിശകുകള്‍ കൂടി ചേര്‍ന്നതോടെ പതനം പൂര്‍ത്തിയായി. ആദ്യ സെറ്റ് കാര്യമായ ചെറുത്തുനില്‍പ്പില്ലാതെയാണ് കേരളം അടിയറവുപറഞ്ഞത്. തുടക്കംമുതല്‍ മുന്നിട്ടുനിന്ന റെയില്‍വേ കേരളത്തെ 18-25 എന്ന സ്കോറില്‍ മുട്ടുകുത്തിച്ചു. രണ്ടാമത്തെ സെറ്റിന്‍െറ തുടക്കത്തില്‍ മുന്നേറിയ കേരളം ഒരുഘട്ടത്തില്‍ 7-3 എന്നനിലയില്‍ മുന്നിലത്തെി. ശ്രുതി, ഷീബ, ടിജി, രേഖ എന്നിവരുടെ മികവില്‍ ആക്രമണം ശക്തമാക്കിയെങ്കിലും ശക്തമായി തിരിച്ചടിച്ച റെയില്‍വേ കേരളത്തെ 13-13 എന്നനിലയില്‍ സമനിലയില്‍ പിടിച്ചു. റെയില്‍വേയുടെ മലയാളി താരം വി. സൗമ്യയുടെ കനത്ത ആക്രമണം പ്രതിരോധിക്കാന്‍ കേരളത്തിന്‍െറ കൈയില്‍ തന്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രിയങ്ക ബോറയും ആക്രമണത്തിന് നായകത്വം വഹിച്ചതോടെ സ്മാഷുകള്‍ പ്രതിരോധം ഭേദിച്ച് കേരള കോര്‍ട്ടില്‍ പെരുമഴയായി വീണു. മലയാളിതാരങ്ങളായ എം.എസ്. പൂര്‍ണിമ, ക്യാപ്റ്റന്‍ ടെറിന്‍ ആന്‍റണി എന്നിവരും റെയില്‍വേക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നാം സെറ്റില്‍ തുടക്കംമുതല്‍ മുന്നേറിയ റെയില്‍വേക്കുമേല്‍ ചെറുസമ്മര്‍ദം ചെലുത്താന്‍പോലും കേരളത്തിനായില്ല. ലൂസേഴ്സ് ഫൈനലില്‍ പശ്ചിമബംഗാളിനെ തോല്‍പ്പിച്ച് തമിഴ്നാട് മൂന്നാമതത്തെി.

