ഏകദിന ലോകകപ്പിനുള്ള 20 അംഗ സാധ്യതാ ടീമിനെ തെരഞ്ഞെടുത്തു, താരങ്ങൾ ഐപിഎൽ ജോലിഭാരം കുറയ്ക്കണം: ബിസിസിഐ

ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള 20 അംഗ സാധ്യതാ ടീമിനെ ബിസിസിഐ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. മുംബൈയിൽ നടന്ന ബിസിസിഐ അവലോകന യോഗത്തിൽ വച്ച് ടീമിൻ്റെ കാര്യത്തിൽ ഏകദേശ ധാരണ ആയി എന്നാണ് റിപ്പോർട്ടുകൾ. ഈ താരങ്ങൾ ഐപിഎൽ ജോലിഭാരം കുറയ്ക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു എന്നും റിപ്പോർട്ടുകളുണ്ട്.
ഒക്ടോബർ – നവംബർ മാസങ്ങളിലായി ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുക. അതുകൊണ്ട് തന്നെ ലോകകപ്പിൽ പൂർണ ഫിറ്റായിരിക്കാൻ പ്രധാന താരങ്ങൾ ഐപിഎൽ ഒഴിവാക്കണമെന്ന് ബിസിസിഐ ആവശ്യപ്പെടുമെന്നാണ് വിവരം. താരങ്ങൾ പരുക്കേൽക്കുന്നതിൽ നിന്ന് തടയുകയാണ് ബോർഡിൻ്റെ ലക്ഷ്യം. ഈ താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കാനും കളിക്കാരുടെ ഫിറ്റ്‌നസ് ട്രാക്ക് ചെയ്യുന്നതിനു വേണ്ടിയും നാഷണൽ ക്രിക്കറ്റ് അക്കാദമിയെ ചുമലതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ തീരുമാനം ഐപിഎൽ ഫ്രാഞ്ചൈസികൾ അംഗീകരിക്കുമോ എന്നതിൽ വ്യക്തതയില്ല.
സമീപകാലത്തായി ഒട്ടേറെ താരങ്ങൾക്ക് പരുക്കേൽക്കുന്നതിനാലും ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്നതിനാലും ദ്രാവിഡ് സ്ഥാനമേറ്റപ്പോൾ ഒഴിവാക്കിയ യോയോ ടെസ്റ്റ് തിരികെ കൊണ്ടുവരുമെന്നും സൂചനയുണ്ട്. യോയോ ടെസ്റ്റിനൊപ്പം ഡെക്സയും (എല്ലുകളുടെ സ്‌കാനിങ്) നിർബന്ധമാക്കും.
പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ വിവിഎസ് ലക്ഷ്മൺ, മുൻ മുഖ്യ സെലക്ടർ ചേതൻ ശർമ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി വിഡിയോ കോൺഫറൻസിങ്ങിലൂടെ യോഗത്തിന്റെ ഭാഗമായി.
ghdgh