ഐ.പി.എൽ: സണ്‍റൈസേഴ്‌സിന് ഇന്ന് വിജയിച്ചേ തീരൂ; എതിരാളികള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്


ഐ.പി.എൽ: സണ്‍റൈസേഴ്‌സിന് ഇന്ന് വിജയിച്ചേ തീരൂ; എതിരാളികള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്

ദുബൈ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഹൈദരാബാദിന് ജയം അനിവാര്യമാണ്. വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. പ്ലേ ഓഫില്‍ ചുവടുറപ്പിക്കാനാണ് ഡൽഹി ക്യാപ്പിറ്റൽസ് ഇറങ്ങുന്നത്. അതേസമയം പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിക്കരുതെന്ന വാശിയിൽ സൺറൈസേഴ്സ് ഹൈദരാബാദ്. അപ്രതീക്ഷിത തോൽവിയുടെ ആഘാതം മറക്കാന്‍ ശ്രമിക്കുന്ന രണ്ട് ടീമുകള്‍ ദുബായിൽ മുഖാമുഖം വരുന്പോള്‍ മത്സരത്തിന് വാശിയേറും. ഡല്‍ഹി നിരയില്‍ ശിഖര്‍ ധവാന്‍ ഫോം വീണ്ടെടുത്തെങ്കിലും ഓപ്പണിംഗ് പങ്കാളിയാരെന്നത് അവ്യക്തം. അവസാന അഞ്ച് ഇന്നിംഗിസിൽ 30 റൺസ് മാത്രം നേടിയ പൃഥ്വി ഷായെയും നാല് കളിയിൽ 25 റൺസിലേക്കൊതുങ്ങിയ അജിങ്ക്യ രഹാനെയെയും വിശ്വസിക്കാനാകില്ല.
ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ നിന്നൊഴിവാക്കിയ റിഷഭ് പന്ത് സെലക്ടര്‍മാര്‍ക്ക് ബാറ്റിലൂടെ മറുപടി നൽകുമോയെന്നതിലുമുണ്ട് ആകാംക്ഷ. തുഷാര്‍ ദേശ്‌പാണ്ഡെ നിറംമങ്ങിയതോടെ മികച്ച അ‍ഞ്ചാം ബൗളറുടെ അഭാവവും മധ്യഓവറുകളില്‍ ഡൽഹിക്ക് തിരിച്ചടിയാണ്. അവസാന മത്സരങ്ങളില്‍ മുംബൈയും ബാംഗ്ലൂരും എതിരാളികള്‍ ആയതിനാല്‍ ഇന്ന് തന്നെ പ്ലേ ഓഫ് ഉറപ്പിക്കാനാകും ഡൽഹിയുടെ ശ്രമം.
11 കളിയിൽ എട്ട് പോയിന്‍റ് മാത്രമുള്ള ഹൈദരാബാദിന് ഇന്ന് ജയിച്ചേ മതിയാകൂ. വില്യംസണിന്‍റെ പരിക്ക് മാറിയോയെന്ന് ഉറപ്പില്ല. ജേസൺ ഹോള്‍ഡർ ടീമിൽ തുടരാനാണ് സാധ്യത. സീസണിൽ നേരത്തെ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹൈദരാബാദ് 15 റൺസിന് ജയിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed