കാവേരി പ്രശ്നം : തമിഴ്നാട് ഐപിഎൽ ബഹിഷ്കരിച്ചേക്കും


ചെന്നൈ : കാവേരി പ്രശ്നത്തിൽ പ്രതിഷേധമറിയിക്കാനുള്ള ഉപാധിയായി തമിഴ്നാട് ഐപിഎൽ ബഹിഷ്കരിച്ചേക്കുമെന്ന് സൂചന. കാവേരി വിഷയത്തിൽ പ്രതിഷേധമറിയിക്കുന്നതിനുള്ള മാർഗമായി ഐപിഎല്ലിനെ ഉപയോഗിക്കാനുള്ള നീക്കം തമിഴ്നാട്ടിൽ നേരത്തെ ആരംഭിച്ചിരുന്നു. ഈ നീക്കത്തിനു പിന്തുണയറിയിച്ച് തെന്നിന്ത്യൻ ചലച്ചിത്രതാരം രജനികാന്ത് രംഗത്തെത്തിയതോടെയാണ് കാവേരി പ്രശ്നത്തിൽ തമിഴ്നാടിന്റെ ഒറ്റക്കെട്ടായ നിലപാട് വെളിവാകുന്നത്. വളരെ ഗൗരവമുള്ളൊരു പ്രശ്നം നടക്കുന്ന സമയത്ത് ചെന്നൈയിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനുള്ള നീക്കം അപമാനകരമാണെന്ന് രജനികാന്ത് പറഞ്ഞു. ചെന്നൈയിലെ വസതിയിൽ മാധ്യമങ്ങളെ കാണവെയാണ് രജനി നിലപാട് വ്യക്തമാക്കിയത്. കാവേരി മാനേജ്മെന്റ് ബോർഡ് എത്രയും പെട്ടെന്നു രൂപീകരിക്കാനും ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനോടു രജനികാന്ത് ആവശ്യപ്പെട്ടു.

ഇത് ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് രജനീകാന്ത് മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. കാവേരി പ്രശ്നത്തിനെതിരായ പ്രതിഷേധം ഐപിഎൽ വേദിയിലും അലയടിക്കണമെന്ന് രജനികാന്ത് ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങൾ കറുത്ത ബാഡ്ജ് അണിഞ്ഞ് കളത്തിലിറങ്ങണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തമിഴ്നാട്ടിലെ ജനങ്ങൾ വെള്ളത്തിനായി ബുദ്ധിമുട്ടുന്പോൾ ഐപിഎൽ ആഘോഷിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി തമിഴ് ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ ‘നടികർ സംഘം’ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയിലും രജനി പങ്കെടുത്തു. സൂപ്പർതാരങ്ങളായ കമൽഹാസൻ, വിജയ്, നാസർ, ധനുഷ്, വിശാൽ, എസ്.ജെ സൂര്യ, സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. നടികർ സംഘത്തിനു പുറമെ തമിഴ് ചലച്ചിത്ര സംഘടനകളായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ (ടിഎഫ്പിസി), സൗത്ത് ഇന്ത്യൻ ആർടിസ്റ്റ്സ് അസോസിയേഷൻ (എസ്ഐഎഎ), ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (എഫ്ഇഎഫ്എസ്ഐ) തുടങ്ങിയവയും പ്രതിഷേധത്തിന്റെ ഭാഗമാണ്. കാവേരി ബോർഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ അനുവദിക്കരുതെന്ന വാദം കുറച്ചുനാളുകളായി തമിഴ്നാട്ടിൽ പ്രചരിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed