ഗോളിൽ ഇന്ത്യക്ക് ജയം


ഗോൾ : ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മികച്ച ജയം. 304 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് ഇന്ത്യ ഉയർത്തിയ 550 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 245 റൺസിന് പുറത്താകുകയായിരുന്നു. സ്കോർ: ഇന്ത്യ 600, 240/3ഡി. ശ്രീലങ്ക 291, 245. 97 റൺസെടുത്ത കരുണരത്നെയും 67 റൺസെടുത്ത നിരോഷൻ ഡിക്‌വല്ലയുമാണ് ലങ്കൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ, അശ്വിൻ എന്നിവർ മൂന്നും മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പരിക്ക് മൂലം ലങ്കയുടെ രണ്ട് ബാറ്റ്സ്മാൻമാർ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. ഉപുൽ തരംഗ (10) ധനുഷ്ക ഗുണതിലക(2) കുശാൽ മെൻഡിസ് (36), ഏഞ്ചലോ മാത്യൂസ് (2) എന്നിവരെയെല്ലാം വേഗത്തിൽ പുറത്താക്കിയത് ഇന്ത്യയുടെ വിജയം അനായാസമാക്കി.  തരംഗയെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കിയപ്പോൾ, ഗുണതിലകയെ ഉമേഷ് യാദവ് പൂജാരയുടെ കൈകളിലെത്തിച്ചു. മെൻഡിസ്, മാത്യൂസ് എന്നിവരെ ജഡേജയും മടക്കി.

നാലാം ദിനമായ ഇന്ന് മൂന്നിന് 189റൺസ് എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ, 240 റൺസിൽഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. നേരത്തെ, 309 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ശ്രീലങ്കയെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ, മൂന്നാം ദിനം കളി നിർത്തുന്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എന്ന നിലയിലായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്്‍ലി 17ാം സെഞ്ച്വറി പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 136 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 103 റൺസെടുത്ത കോഹ്്‍ലിയും 18 പന്തിൽ രണ്ടു ബൗണ്ടറിയുൾപ്പെടെ 23 റൺസെടുത്ത ഉപനായകൻ അജിങ്ക്യ രഹാനെയും പുറത്താകാതെ നിന്നു. ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 51 റൺസ് കൂട്ടിച്ചേർത്തു. 116 പന്തിൽ എട്ടു ബൗണ്ടറികൾ ഉൾപ്പെടെ81 റൺസെടുത്ത അഭിനവ് മുകുന്ദും ഇന്ത്യൻ സ്കോറിന് കരുത്തായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed