വിശ്രമ കേന്ദ്രങ്ങൾ നോക്കുകുത്തികളാകുന്നതായി പരാതി
മനാമ : രാജ്യത്ത് ചൂട് അതിന്റെ പാരമ്യത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. വേനൽ കടുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഉച്ചവിശ്രമനിയമം അനുവദിച്ചിട്ടുണ്ടെങ്കിലും ചിലർക്കെങ്കിലും ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. കർശനമായ പരിശോധനകളെ ഭയന്ന് കന്പനികൾ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്നുണ്ടെങ്കിലും പല തൊഴിലിടങ്ങളിലും ഇതിനുള്ള സൗകര്യം വളരെ കുറവാണ്. ഉച്ച വിശ്രമത്തിന് ശേഷം തിരികെ ജോലിയിൽ കൊണ്ടുവരാനുള്ള അധിക ചിലവും സമയനഷ്ടവും കരുതി മിക്ക കെട്ടിട നിർമ്മാണ കന്പനികളും ജോലി സ്ഥലത്ത് തന്നെയാണ് വിശ്രമ കേന്ദ്രങ്ങളും ഒരുക്കുന്നത്. രാവിലെ നാല് മണി മുതൽ ആരംഭിക്കുന്ന ജോലികൾ 12 മണിയോടെ നിർത്തിവെയ്ക്കുന്ന തൊഴിലാളികൾക്ക് ഒന്ന് മയങ്ങാൻ പോലുമുള്ള സൗകര്യങ്ങൾ ഇവിടെ കുറവാണ്. എയർകണ്ടീഷൻ ഇല്ലാത്തതും ഇവരെ തളർത്തുന്നു. ഇടത്തരം കന്പനി ജോലിക്കാർക്കും, സപ്ലൈ കന്പനികളിൽ നിന്ന് വരുന്നവർക്കുമാണ് ഈ ദുര്യോഗം കൂടുതലായുള്ളത്.
കന്പനികളുടെ അക്കമൊഡേഷനിൽ നിന്നും ജോലി സ്ഥലത്തേയ്ക്ക് കൊണ്ടുവരുന്ന പല വാഹനങ്ങളിലും ഏകദേശം ഇതേ അവസ്ഥയാണ്. ആളുകളെ കുത്തിനിറച്ചാണ് ഇതിൽ പലതും സഞ്ചരിക്കുന്നത്. ഇതോടൊപ്പം എയർകണ്ടീഷൻ പണി മുടക്കുന്നത് കൂടിയാകുന്പോൾ ദുരിതപർവ്വമായി മാറുന്നു ഈ തൊഴിലാളികളുടെ ജീവിതം. ഇതുപോലെ തന്നെയാണ് വാഹന ഗ്യാരേജുകളിലും, കാർപ്പെന്ററി വർക്ക് ഷോപ്പുകളിലും, പെട്രോൾ പന്പുകളിലുമൊക്കെ ജോലി ചെയ്യുന്നവരുടെയും അവസ്ഥ. നേരിട്ട് വെയിൽ കൊള്ളുന്നില്ലെങ്കിൽ പോലും അതികഠിനമായ ചൂടാണ് ഇവർക്ക് സഹിക്കേണ്ടി വരുന്നത്.
ജോലി ചെയ്യുന്ന ഇടങ്ങളിൽ മിക്കവാറും ആസ്ബസ്റ്റോസ് മേൽകൂരകളാകുന്നത് ഉച്ച നേരം ആകുന്പോഴേയ്ക്കും ചുട്ടുപഴുക്കുന്ന അവസ്ഥയിലേയ്ക്ക് ഇവരെ എത്തിക്കുന്നു. പേരിന് എയർകണ്ടീഷൻ ഉണ്ടെങ്കിലും മിക്കതും ചൂടുകാറ്റാണ് പുറത്ത് വിടുന്നത്. വർക്ക് ഷോപ്പുകളിൽ ജോലി ചെയ്യുന്പോൾ യന്ത്രങ്ങളിൽ നിന്ന് വരുന്ന ചൂടും അസഹനീയമാണ്. പെട്രോൾ പന്പ് ജീവനക്കാർക്കും ചൂടിനെ അതിജീവിക്കാൻ വഴികളില്ല. എത്ര വലിയ പൊരിവെയിലിലും പെട്രോൾ അടിക്കാൻ എത്തുന്ന വാഹനങ്ങളെ കാത്തിരിക്കുന്ന ഇവർക്ക് എയർകണ്ടീഷന്റെ ആശ്വാസം ലഭിക്കുന്നത് വലപ്പോഴും മാത്രം.

