എഐയുടെ ദുരുപയോഗം അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് എക്‌സിന് നോട്ടീസ് അയച്ച് കേന്ദ്രം
ശാരിക / ന്യൂഡൽഹി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്‌സിന് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയമാണ് വെള്ളിയാഴ്ച ഈ നോട്ടീസ് നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള അശ്ലീല ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് നോട്ടീസിൽ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജ ചിത്രങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും, സ്വീകരിച്ച നടപടികളെക്കുറിച്ച് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
കുട്ടികളുടേതടക്കമുള്ള ചിത്രങ്ങൾ എഐ ഉപയോഗിച്ച് ലൈംഗിക ചുവയുള്ള രീതിയിൽ നിർമ്മിക്കപ്പെടുന്നുണ്ടെന്ന് മന്ത്രാലയം നോട്ടീസിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം നിയമവിരുദ്ധമായ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള കാര്യക്ഷമമായ നടപടികൾ എക്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സർക്കാർ നിരീക്ഷിച്ചു. എക്സിന്റെ സ്വന്തം എഐ സേവനമായ 'ഗ്രോക്' (Grok) അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ ഐടി മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
നിയമപരമായ ജാഗ്രത പാലിക്കുന്നതിൽ എക്സ് പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കർശന നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഐടി നിയമങ്ങൾക്കനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിൽ വീഴ്ച വരുത്തുന്നത് പ്ലാറ്റ്‌ഫോമിന് വലിയ തിരിച്ചടിയായേക്കും.
dsgdfg

