സഞ്‌ജു സാംസണ്‍ രാജസ്‌ഥാന്‍ റോയല്‍സ് വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്

ശാരിക
ന്യൂഡല്‍ഹി l ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ക്ലബ് രാജസ്‌ഥാന്‍ റോയല്‍സ് വിടാനൊരുങ്ങി നായകന്‍ സഞ്‌ജു സാംസണ്‍. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ ഒഴിവാക്കുകയോടെ കൈമാറ്റം ചെയ്യുകയോ വേണമെന്നാവശ്യപ്പെട്ട് സഞ്‌ജു രാജസ്‌ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ
സഞ്‌ജുവും റോയല്‍സും തമ്മിലുള്ള ഭിന്നത രൂക്ഷമായെന്നും റിപ്പോര്‍ട്ടിലുണ്ട്. 2026 ലെ ഐ.പി.എല്‍. ലേലത്തിനു മുമ്പ് തന്നെ വിട്ടയക്കണമെന്നാണ് സഞ്‌ജു ആവശ്യപ്പെട്ടത്. റോയല്‍സില്‍ തുടരാന്‍ സഞ്‌ജു ആഗ്രഹിക്കുന്നില്ലെന്നാണ് അടുത്ത ബന്ധുവിനെ ഉദ്ധരിച്ച് ക്രിക്‌ബസ് പുറത്തുവിട്ടത്. കഴിഞ്ഞ സീസണില്‍ രാജസ്‌ഥാന്‍ റോയല്‍സ് ഒന്‍പതാം സ്‌ഥാനത്താണു ഫിനിഷ് ചെയ്‌തത്. ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയാണു സഞ്‌ജുവും ടീം മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായത്.
കൈയ്‌ക്കു പരുക്കേറ്റ സഞ്‌ജു ഒന്‍പത് മത്സരങ്ങളില്‍ മാത്രമാണു കളിച്ചത്. കൂടുതലും ഇംപാക്‌ട് പ്ലേയറുമായാണു കളിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം പരമ്പര കളിച്ച ശേഷം റോയല്‍സില്‍ മടങ്ങിയെത്തിയ സഞ്‌ജുവും കോച്ച് രാഹുല്‍ ദ്രാവിഡും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നും ക്രിക്‌ബസ് പുറത്തുവിട്ടു. ടീമില്‍ സ്വന്തം ബാറ്റിങ് സ്‌ഥാനം തെരഞ്ഞെടുക്കാന്‍ സാധിക്കാത്തതാണു സഞ്‌ജുവിനെ ചൊടിപ്പിച്ചത്.
ട്വന്റി20 യില്‍ സാധാരണ ഓപ്പണറായാണ് സഞ്‌ജു കളിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടെ സഞ്‌ജുവിനെയാണ് ഓപ്പണിങ് സ്‌ഥാനത്തേക്കു പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയെയാണ് ഓപ്പണിങ്ങിലേക്ക് പരിഗണിച്ചത്.
വിജയകരമായതോടെ സഞ്‌ജുവിന് ഇഷ്‌ട സ്‌ഥാനം നഷ്‌ടപ്പെട്ടു. അതും ഭിന്നത രൂക്ഷമാക്കി.
കഴിഞ്ഞ ലേലത്തില്‍ 18 കോടി രൂപയ്‌ക്കാണ് സഞ്‌ജുവിനെ രാജസ്‌ഥാന്‍ നിലനിര്‍ത്തിയത്. ഐ.പി.എല്ലില്‍ രാജസ്‌ഥാനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (149) കളിച്ച താരമാണ് സഞ്‌ജു. 4027 റണ്ണും താരം അടിച്ചെടുത്തു. സഞ്‌ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ട്രേഡ് വിന്‍ഡോയിലൂടെ സഞ്‌ജുവിനെ സ്വന്തമാക്കാനായിരുന്നു ചെന്നൈയുടെ പദ്ധതി. സഞ്‌ജുവിനെയോ മറ്റ് കളിക്കാരെയോ ട്രേഡ് ചെയ്യേണ്ടതില്ലെന്നാണ് റോയല്‍സിന്റെ നിലപാട്. 2027 വരെ സഞ്‌ജുവിന് രാജസ്‌ഥാനുമായി കരാറുണ്ട്. കരിയറിന്റെ അവസാന ഘട്ടത്തിലുള്ള എം.എസ്. ധോണിക്കു പകരക്കാരനായാണ് സഞ്‌ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്.
fsdfds