പ്രവാസികൾക്ക് തിരിച്ചടി: മാളുകളിലെ ജോലികൾ ഇനി സൗദികൾക്കു മാത്രം
റിയാദ്: സൗദിവൽക്കരണ നയങ്ങൾ ശക്തമാക്കി സൗദി ഭരണകൂടം. മാളുകളിലെ ഏതാണ്ടെല്ലാ ജോലികൾക്കും സൗദികൾക്കു മാത്രമായി സംവരണം ചെയ്യാന്‍ സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജിഹി അറിയിച്ചു. ഇതുവവഴി 51,000 സൗദികൾക്ക് ജോലി നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിതല തീരുമാനങ്ങളാണ് പുതുതായി കൈക്കൊണ്ടത്. പ്രവാസികൾ ഏറെ ജോലി ചെയ്യുന്ന മാളുകളിലെ പ്രധാന ജോലികളെല്ലാം സ്വദേശിവൽക്കരിക്കപ്പെടുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരങ്ങൾക്കാണ് തൊഴിൽ നഷ്ടമാവുക.
ഇതുപ്രകാരം സൗദി മാളുകളിലെ ചെറിയ വിഭാഗം തസ്തികകൾ ഒഴികെയുള്ള ജോലികളെല്ലാം സൗദികൾക്ക് മാത്രമാക്കും. മാൾ മാനേജ്‌മെന്റ് ഓഫീസുകളിലും സ്വദേശിവൽക്കരണം കൊണ്ടുവരും. മാളുകൾക്കു പുറമെ, റസ്റ്റൊറന്റുകളിലെയും കഫേകളിലെയും സെയിൽസ് ഔട്ട്‌ലെറ്റുകളിലും സൗദിവൽക്കരണം വർദ്‍ധിപ്പിക്കുകയെന്നതാണ് മറ്റൊരു മന്ത്രിതല തീരുമാനം. ഇതു എത്ര ശതമാനം വർദ്ധിപ്പിക്കണമെന്നതിനെ കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിങ്ങും. പ്രധാനപ്പെട്ട സെൻട്രൽ സപ്ലൈ മാർക്കറ്റ് ഔട്ട്‌ലെറ്റുകളിൽ സൗദിവൽക്കരണം നടപ്പിലാക്കുകയെന്നതാണ് മറ്റൊരു തീരുമാനം. ഇതിന്റെയും വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
നിയമപ്രകാരം സൗദി ജീവനക്കാരെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നിയമനടപടികൾ എടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട വിശദമായ അറിയിപ്പ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

