കോവിഡ്: വിദേശികൾക്ക് സൗദി വർക്ക് വീസ ഫീസ് മടക്കി നൽകിത്തുടങ്ങി
റിയാദ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതിനാൽ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയാതെ പോയ വിദേശികൾക്ക് വർക്ക് വീസ ഫീസ് തിരിച്ച് നൽകിത്തുടങ്ങി. പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത വീസകൾ റദ്ദാക്കിയവർക്കാണ് സൗദി അറേബ്യ ഇങ്ങനെ വർക്ക് വീസ ഫീസ് മടക്കിനൽകുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെസഹകരണത്തോടെ വിഷയത്തിന് പരിഹാരം ഉണ്ടാകുമെന്ന് നേരത്തെ സൗദി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരം മാർച്ച് 18 മുതൽ യാത്രറദ്ദായവർക്കാണ് ആനുകൂല്യം ലഭിക്കുക. നിരവധി വിദേശ രാജ്യങ്ങളിൽ നിന്ന് സ്വകാര്യമേഖലയിലേക്ക് തൊഴിൽ വീസ അനുവദിക്കുകയും അവരുടെ പാസ്പോർട്ടുകളിൽ സ്റ്റാമ്പ് ചെയ്യുകയും ചെയ്തിരുന്നു. കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാന സർവ്വീസുകൾ നിർത്തിവച്ചതിനാൽ അത്തരക്കാർക്ക് ഇങ്ങോട്ട് വരാൻ കഴിഞ്ഞിരുന്നില്ല. ഇവർക്കാണ് വീസ ഫീസ് തിരിച്ചു നൽകൽ പദ്ധതി നടപ്പിലാക്കുന്നത്. പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ സ്വീകരിച്ച പ്രതിരോധ, മുൻകരുതൽ നടപടികളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും സൗദി സർക്കാർ പ്രഖ്യാപിച്ച നിരവധി ആനുകൂല്യങ്ങൾക്കും ഇളവുകൾക്കും പുറത്താണ് ഈ റീഫണ്ടിങ് സംരംഭം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെസഹകരണത്തോടെ ദേശീയ വിവര കേന്ദ്രമാണ്(നാഷനൽ ഇൻഫർമേഷൻ സെന്റർ) പദ്ധതിക്ക് മുൻകൈയെടുക്കുന്നത്.

