ബഹിരാകാശ ഗവേഷണ രംഗത്ത് ബഹുമുഖ പദ്ധതികളുമായി സൗദി
റിയാദ് : ബഹിരാകാശ ഗവേഷണ മേഖലകളിൽ ബഹുമുഖ പദ്ധതികളുമായി സൗദി അറേബ്യ. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അമേരിക്കൻ പര്യടന വേളയിൽ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത വിമാന, റോക്കറ്റ് നിർമ്മാണ കന്പനികളായ വിർജിൻ ഗലാക്റ്റിക്, മൊജാവി എയർ ആന്റ് സ്പെയ്സ് പോർട്ടുമായി ഇത് സംബന്ധിച്ച് ധാരണയായി. ശൂന്യാകാശ പര്യവേക്ഷണ മേഖലയിൽ പരസ്പര നിക്ഷേപം, ഗവേഷണങ്ങൾ, നൂതന സാങ്കേതിക വിദ്യാ കൈമാറ്റം എന്നിവ സംബന്ധിച്ച് വിർജിൻ ഗലാക്റ്റിക് ഗ്രൂപ്പുമായി കിരീടാവകാശി ചർച്ച നടത്തി. കന്പനിയുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും കിരീടാവകാശി താൽപര്യം പ്രകടിപ്പിച്ചു. ഇതിന് പുറമെ, സൗദി യുവതക്ക് വിമാനം, റോക്കറ്റ്, ബഹിരാകാശ പേടകം തുടങ്ങിയവ നിർമ്മിക്കുന്നതിനും പരിശീലിക്കുന്നതിനും കന്പനിയുടെ സഹകരണമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിർജിൻ ഗലാക്റ്റിക് ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാൻ റിച്ചാർഡ് ബ്രാൻസണിന്റെ നേതൃത്വത്തിൽ കിരീടാവകാശിക്ക് ഊഷ്മളമായ സ്വീകരണം നൽകി. വിർജിൻ ഗ്രൂപ്പിന് കീഴിലുള്ള കന്പനികളുടെ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിയെ സ്വീകരിക്കാനെത്തിയിരുന്നു. ഭൗമനിരീക്ഷണത്തിന് കന്പനി വികസിച്ച ആദ്യത്തെ ശ്യൂനാകാശ പേടകത്തിന്റെ സാങ്കേതിക വശങ്ങൾ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വീക്ഷിച്ചു. ഈ രംഗത്തെ അത്യാധുനിക ടെക്നോളജിയെ കുറിച്ചുള്ള കന്പനി ജീവനക്കാരുടെ വിശദീകരണവും അദ്ദേഹം ശ്രദ്ധിച്ചു കേട്ടു.
അതിവേഗതയിൽ വിദൂര നഗരങ്ങൾ ബന്ധിപ്പിക്കുന്നതിനും ദൂരം കുറക്കുന്നതിനും സഹായിക്കുന്ന ഹൈപ്പർ ലൂപ്പ് സിസ്റ്റം സംബന്ധിച്ച് റിച്ചാർഡ് ബ്രാൻസൺ വിശദമാക്കി.സവിശേഷതകളോടെ തങ്ങൾ പുറത്തിറക്കുന്ന പുതിയ വിമാനങ്ങളുടെ ഫ്യുവൽ സെല്ലുകളും വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ശ്യൂനാകാശ പേടകങ്ങളും ഇതാദ്യമായി വിർജിൻ ഗലാക്റ്റിക് കിരീടാവകാശിക്ക് മുന്പാകെ പ്രദർശിപ്പിച്ചു. അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, അകമ്പടി സേവിക്കുന്ന പ്രതിനിധി സംഘവും കിരീടാവകാശിയെ അനുഗമിച്ചു.
സിയാറ്റിൽ സന്ദർശനം അവസാനിപ്പിച്ച് അദ്ദേഹം ലോസ് ആഞ്ചലസിലേക്ക് തിരിച്ചു. ലോകപ്രശസ്തരായ ഹോളിവുഡ് സിനിമ നിർമ്മാതാക്കളെ കിരീടാവകാശി സന്ദർശിച്ചേക്കുമെന്ന് അറബ് മാധ്യമ പ്രവർത്തകർ വെളിപ്പെടുത്തി. നാസയിലെ ഉന്നത ഉദ്യോഗസ്ഥരുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും അവർ സൂചിപ്പിച്ചു.

