ഹൂ­തി­കൾ നടത്തു­ന്ന ഏത് ആക്രമണത്തേ­യും ചെ­റു­ക്കും : സൽ­മാൻ രാ­ജാവ്


റിയാദ് : ഇറാന്റെ പിന്തുണയോടെ ഹൂതികൾ നടത്തുന്ന ഏത് ആക്രമണത്തെയും ശക്തമായി ചെറുക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കി. രാജ്യരക്ഷയും ഭദ്രതയും സൗദി പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും സുരക്ഷയുമാണ് പ്രധാനം. ഏതു ആക്രമണത്തെയും നിശ്ചയദാർഢ്യത്തോടെ ചെറുക്കുമെന്ന് പ്രതിവാര മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് രാജാവ് പറഞ്ഞു.

യെമനിൽ നിന്ന് ജനവാസ കേന്ദ്രങ്ങൾക്ക് നേരെ വന്ന ബാലിസ്റ്റിക് മിസൈലുകളെ വിജയകരമായി തകർത്ത സൗദി സേനയെ മന്ത്രിസഭ പ്രശംസിച്ചു. യു.എൻ തീരുമാനങ്ങൾ വെല്ലുവിളിച്ച് ഇറാൻ ഭരണകൂടം ഹൂത്തികൾക്ക് പിന്തുണ നൽകുന്നതിന്റെ തെളിവാണ് ഈ ആക്രമണം. യെമനിലും സൗദിയിലും സാധാരണക്കാർക്കു നേരെ ആക്രമണം നടത്താനാണ് ഭീകരർക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ നൽകുന്നതെന്ന് സൽമാൻ രാജാവ് വ്യക്തമാക്കി.

അതിനിടെ, തലസ്ഥാന നഗരി അടക്കം സൗദിയിലെ നാലു നഗരങ്ങൾക്കു നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയ സംഭവത്തിൽ സൗദി അറേബ്യ യു.എൻ രക്ഷാ സമിതിയെ സമീപിച്ചു. ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമിയാണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് പരാതി അടങ്ങിയ കത്ത് കൈമാറിയത്. ലോക സുരക്ഷയും ഭദ്രതയും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം രക്ഷാ സമിതി നിറവേറ്റണമെന്നും ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈലുകൾ നൽകുന്ന ഇറാനോട് കണക്ക് ചോദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 

കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യു.എൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകൾക്കു മുന്പാണ് സൗദി അറേബ്യ ഇറാനെതിരായ പരാതി നൽകിയത്.

ഹൂതികൾക്ക് ഇറാൻ മിസൈലുകൾ നൽകുന്നതിനുള്ള തെളിവുകൾ സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി കഴിഞ്ഞ ദിവസം റിയാദിൽ വെളിപ്പെടുത്തിയിരുന്നു. യെമനിൽ വെച്ച് ഹൂതികളിൽ നിന്ന് പിടിച്ചെടുത്ത ബാലിസ്റ്റിക് മിസൈൽ പത്രസമ്മേളനത്തിൽ കേണൽ തുർക്കി അൽമാലികി പ്രദർശിപ്പിച്ചു. ഈ മിസൈലിൽ പാഴ്‌സി ഭാഷയിലുള്ള എഴുത്തുണ്ട്. നേരത്തെ യെമനിലേക്ക് ഇറാനിൽ നിന്ന് അയച്ച 'സ്വയാദ്' ഇനത്തിൽ പെട്ട മിസൈലുകൾ വഹിച്ച കപ്പൽ സഖ്യസേന പിടിച്ചെടുത്തിരുന്നു.

റിയാദ്, ജിസാൻ, നജ്‌റാൻ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങൾക്കു നേരെ ഞായറാഴ്ച രാത്രി ഏഴു ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികൾ തൊടുത്തുവിട്ടത്. ലക്ഷ്യ സ്ഥാനങ്ങളിലെത്തുന്നതിന് മുന്പായി ഇവ സൗദി സൈന്യം തകർത്തു. റിയാദിൽ മിസൈൽ ഭാഗം താമസ സ്ഥലത്തിനു മേൽ പതിച്ച് ഈജിപ്തുകാരൻ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, ഇറാൻ നിർമ്മിത മിസൈലുകൾ ഹൂത്തികളുടെ കൈവശം എത്തിയതിനെ കുറിച്ച് അടിയന്തരമായി യു.എൻ അന്വേഷണം നടത്തണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു.

സൗദി അറേബ്യക്കു നേരെ ഹൂതികൾ നടത്തിയ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൻ പറഞ്ഞു. യു.എൻ രക്ഷാ സമിതി തീരുമാനങ്ങൾ ലംഘിച്ച് ഈ മിസൈലുകൾ യെമനിൽ എത്തിയതിനെ കുറിച്ച് ഐക്യരാഷ്ട്ര സഭ അന്വേഷണം നടത്തണം. ദേശീയ സുരക്ഷക്കുള്ള ഇത്തരം ഗുരുതരമായ ഭീഷണികൾ നേരിടുന്നതിന് സൗദി അറേബ്യക്കൊപ്പം ബ്രിട്ടൻ നിലയുറപ്പിക്കുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed