ഗവൺമെന്റ് ജീവനക്കാരെ സ്ഥാപനം നടത്താൻ അനുവദിക്കില്ലെന്ന് സൗദി ശൂറാ കൗൺസിൽ
റിയാദ് : ഗവൺമെന്റ് ജീവനക്കാർക്ക് വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നതിന് അനുവാദം നൽകാനാവില്ലെന്ന് ശൂറാ കൗൺസിൽ. ദേശീയ സിവിൽ സർവ്വീസ് നിയമത്തിന്റെ 13ാം വകുപ്പ് ഭേദഗതി ചെയ്ത് ഗവൺമെന്റ് ജീവനക്കാരെ വാണിജ്യസ്ഥാപനങ്ങൾ നടത്തുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിർദ്ദേശം ശൂറായിലെ അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നിരാകരിച്ചു. എങ്കിലും ഇക്കാര്യം വീണ്ടും ശൂറാ കൗൺസിലിൽ ചർച്ച ചെയ്‌തേക്കുമെന്ന് പ്രാദേശിക പത്രം വെളിപ്പെടുത്തി.
ഗവൺമെന്റ് ജീവനക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ദേശീയ വരുമാനം വർദ്ധിപ്പിക്കുന്നതിനും വാണിജ്യമേഖലയിൽ പ്രവർത്തിക്കുന്നത് സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഏതാനും ശൂറാ കൗൺസിൽ അംഗങ്ങൾ ഈ നിർദ്ദേശം മുന്പോട്ടുവെച്ചത്. ബിനാമിയെന്ന പോലെ, കുടുംബാംഗങ്ങളുടെ പേരിൽ ചില സർക്കാർ ജീവനക്കാർ സ്ഥാപനങ്ങൾ നടത്തുന്ന പ്രവണത അവസാനിപ്പിക്കാനും നിയമഭേദഗതി ഗുണം ചെയ്യുമെന്നും കരുതിയിരുന്നു.
എന്നാൽ അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് എച്ച്.ആർ കമ്മിറ്റി അംഗങ്ങൾ ഈ നിർദ്ദേശത്തിനോട് യോജിച്ചില്ല. ബിനാമി വ്യവസായം അവസാനിപ്പിക്കുന്നതിന് പുതിയ തീരുമാനം ഗുണം ചെയ്യുമെന്നതിന് നേരിയ സാധ്യത പോലുമില്ലെന്ന് കമ്മിറ്റി വിലയിരുത്തി. കുടുംബാംഗങ്ങളുടെ പേരിൽ നടത്തുന്ന വ്യവസായവും വിദേശികൾ സ്വദേശികളെ മുന്നിൽനിർത്തി വ്യവഹാരം നടത്തുന്നതും വേറിട്ടുതന്നെ കാണണം.
ജീവനക്കാരുടെ ഉൽപ്പാദ നക്ഷമതയും കൃത്യനിർവഹണത്തിന്റെ തോതും ക്ഷയിപ്പിക്കുകയായിരിക്കും ഫലം. ഇരുന്പു പണി, പ്ലംബിംഗ്, വയറിംഗ്, എ.സി മെക്കാനിസം, കൈത്തൊഴിലുകൾ തുടങ്ങിയ സ്വതന്ത്രമായ ജോലികളിൽ ഏർപ്പെടാൻ സാധ്യതയുള്ള ഗവൺമെന്റ് ജീവനക്കാർ നിശ്ചതി വരുമാനം മാത്രമുള്ള ജോലി ഉപേക്ഷിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഇതു ഗവൺമെന്റ് മേഖലക്ക് ക്ഷീണം ചെയ്യും. തന്റെ സ്ഥാപനങ്ങളുടെ അഭിവൃദ്ധിക്കായി പദവിയും സ്വാധീനവും ജീവനക്കാരൻ വിനിയോഗിക്കാനും ഇടയുണ്ട്.

