വൻ തു­ക സക്കാ­ത്ത് കു­ടി­ശ്ശി­ക : സൗ­ദി­യി­ലെ­ ബാ­ങ്കു­കൾ ആശങ്കയിൽ


റിയാദ് : വൻതുക സക്കാത്ത് കുടിശ്ശിക അടയ്ക്കണമെന്ന് രാജ്യത്തെ ബാങ്കുകളോട് സക്കാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെട്ടു. ഭീമമായ തുക അടയ്ക്കാനാണ് ബാങ്കുകളോട് സക്കാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേതുടർന്ന് രാജ്യത്തെ ബാങ്കുകൾ കടുത്ത ആശങ്കയിൽ. 2002 മുതലുള്ള സക്കാത്ത് കുടിശ്ശികയാണ് അതോറിറ്റി ആവശ്യപ്പെടുന്നത്.

 ഭീമമായ തുക അടയ്‌ക്കേണ്ടിവരുന്നത് ലാഭത്തെ ബാധിക്കുമെന്നാണ് ബാങ്കുകളുടെ ആശങ്ക. സൗദിയിൽ ബാങ്കുകൾക്കും കന്പനികൾക്കും സ്ഥാപനങ്ങൾക്കും നികുതി ബാധകമല്ല. എന്നാൽ വാർഷിക സക്കാത്ത് നിർബന്ധമാണ്. ഓരോ ബാങ്കിന്റെയും ആകെ വരുമാനത്തിന്റെ രണ്ടര ശതമാനമാണ് സക്കാത്ത് ആയി പ്രതിവർഷം അടയ്‌ക്കേണ്ടത്.

മുൻ വർഷങ്ങളിൽ ബാങ്കുകൾ സക്കാത്ത് അടച്ചിരുന്നെങ്കിലും ഇത് നിയമാനുസൃതം അടയ്‌ക്കേണ്ട തുകയിലും കുറവായിരുന്നെന്ന് പറഞ്ഞാണ് പതിനാറു വർഷം വരെയുള്ള സക്കാത്ത് വകയിലുള്ള അധിക തുക നൽകുന്നതിന് സക്കാത്ത്, നികുതി അതോറിറ്റി ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം നേടിയ ആകെ ലാഭത്തിന്റെ പകുതിയിലേറെ തുകക്ക് തുല്യമായ സക്കാത്ത് കുടിശ്ശികയുടെ ഇൻവോയ്‌സ് ആണ് ചില ബാങ്കുകൾക്ക് ലഭിച്ചിരിക്കുന്നത്. ഇതിൽ ബാങ്കുകൾ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

2002 മുതൽ 2009 വരെയുള്ള കാലത്തെ സക്കാത്ത് വകയിലെ കുടിശ്ശികയായി 72.3 കോടി റിയാലാണ് സക്കാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെടുന്നതെന്ന് അൽറാജ്ഹി ബാങ്ക് അറിയിച്ചു. 2009 മുതൽ 2015 വരെയുള്ള കാലയളവിലെ സക്കാത്ത് കുടിശ്ശികയായി 166 കോടി റിയാലാണ് അൽഇൻമാ ബാങ്കിൽ നിന്ന് സക്കാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെടുന്നത്.

ഈ തുക കഴിഞ്ഞ വർഷം അൽ ഇൻമാ ബാങ്ക് നേടിയ ആകെ ലാഭത്തിന്റെ 82 ശതമാനത്തിന് തുല്യമാണ്. 2008 മുതൽ 2013 വരെയുള്ള കാലത്തെ സക്കാത്ത് കുടിശ്ശികയായി 354 കോടി റിയാലിന്റെ ഇൻവോയ്‌സ് ആണ് അൽറിയാദ് ബാങ്കിന് ലഭിച്ചിരിക്കുന്നത്. ഇത് 2017 ൽ അൽറിയാദ് ബാങ്ക് നേടിയ ആകെ ലാഭത്തിന്റെ 89 ശതമാനമാണ്. സക്കാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെടുന്നതു പ്രകാരമുള്ള കുടിശ്ശിക അടയ്ക്കുന്നതിന് നിർബന്ധിതമാകുന്ന പക്ഷം പല ബാങ്കുകൾക്കും കഴിഞ്ഞ വർഷത്തെ ലാഭത്തിൽ കാര്യമായ ബാക്കിയുണ്ടാകില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed