സൗദിയിൽ മഞ്ഞുവീഴ്ച ശക്തം
താബൂക് : സൗദിയുടെ വടക്കൻ പ്രവിശ്യയായ തബൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ശക്തം. ഇവിടുത്തെ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി. കനത്ത മഞ്ഞുവീഴ്ചയാണ് തബൂക്കിൽ നാലുദിവസമായി അനുഭവപ്പെടുന്നത്. തബൂക്കിൽ ഈ ആഴ്ചയോടെ തണുപ്പേറുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. ഇത് ശരിവെക്കുന്നതായി ഈ മഞ്ഞുവീഴ്ച. മലയോരമേഖലയായ ജബൽ ലോസ്, ഹലകാൻ എന്നിവിടെയാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്.
മരുഭൂമിയിലും മലനിരകളിലുമുള്ള മഞ്ഞ് കാണാൻ സ്വദേശികളും വിദേശികളടക്കം നൂറുകണക്കിന് പേരാണെത്തുന്നത്. സൂര്യപ്രകാശം തട്ടിയാലുടനെ മഞ്ഞലിയും. ഇത് കണക്കാക്കി രാത്രിയിൽ മഞ്ഞുവീഴുന്ന ഇടങ്ങളിൽ തന്പടിക്കാൻ ദൂരെ ദിക്കിൽനിന്നുപോലും നിരവധി പേരെത്തുന്നു.
ജോർദ്ദാനിന്റെ അതിർത്തി പ്രദേശമാണ് തബൂക്ക്. ജോർദ്ദാനിൽ കഴിഞ്ഞദിവസം ശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്.

