നവയുഗത്തിന്റെ സഹായത്തോടെ കട്ടപ്പന സ്വദേശിനിയായ യുവതി നാട്ടിലേക്ക് മടങ്ങി
ദമാം : ഒന്നരവർഷം നീണ്ട പ്രവാസജീവിതത്തിലെ ദുരിതങ്ങൾ താണ്ടി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ ജെസ്സി മാത്യു നാട്ടിലേയ്ക്ക് മടങ്ങി. കട്ടപ്പന സ്വദേശിനിയായ ജെസ്സി മാത്യു, കുടുംബപ്രാരാബ്ധങ്ങൾ കാരണമാണ് ഒന്നരവർഷം മുന്പ് ദമാംമിലെ ഒരു സൗദി പട്ടാളക്കാരന്റെ വീട്ടിൽ വീട്ടുജോലിക്കാരിയായി എത്തിയത്. നല്ല ജോലിയും, ശന്പളവും വാഗ്ദാനം ചെയ്താണ് നാട്ടിലെ ഏജന്റ് ജെസ്സിയ്ക്ക് വിസ നൽകിയത്. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി ഏറെ ദുരിതങ്ങളാണ് ജെസ്സിയ്ക്ക് അനുഭവിയ്ക്കേണ്ടി വന്നത്.
രാപകൽ വിശ്രമമില്ലാത്ത ജോലിയും, നിരന്തരം കുറ്റപ്പെടുത്തലും, ശന്പളം കിട്ടാതെ കുടിശ്ശികയാകുന്ന അവസ്ഥയും കൂടിആ വീട്ടിലെ ജോലി നരകതുല്യമാക്കി. പരാതി പറഞ്ഞപ്പോൾ ദേഹോപദ്രവം ഏൽക്കേണ്ടി വന്നതായും ജെസ്സി പറഞ്ഞു. ഒന്നര വർഷം ജോലി ചെയ്തിട്ടും ആറു മാസത്തെ ശന്പളമേ കിട്ടിയുള്ളൂ. നാട്ടിലുള്ള വീട്ടുകാരോട് ഫോണിൽ ബന്ധപ്പെടാൻ പോലും പറ്റാത്ത അവസ്ഥയാണ് ജെസ്സി നേരിട്ടത്. മാനസികപീഡനം സഹിയ്ക്കാനാകാതെ ഒരു മാസം മുന്പ് ജെസ്സി, വീട് വിട്ടോടി അടുത്തുള്ള പോലീസ് േസ്റ്റഷനിൽ പോയി പരാതി പറഞ്ഞു. എന്നാൽ പോലീസുകാർ അറിയിച്ചത് അനുസരിച്ചു, സ്പോൺസർ പോലീസ് േസ്റ്റഷനിൽ എത്തി ജെസ്സിയെ തിരികെ കൂട്ടികൊണ്ടു പോകുകയായിരുന്നു ചെയ്തത്.
ജെസ്സിയുടെ വീട്ടുകാർ പലയിടത്തും പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല. ജെസ്സിയുടെ വീട്ടുകാർ നാട്ടിലെ ഏജന്റിനെതിരെ പോലീസ് കേസും കൊടുത്തു. മാധ്യമ പ്രവർത്തകനായ പി.ടി.അലവിയാണ് ജെസ്സിയുടെ വിഷയം നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ശ്രദ്ധയിൽപെടുത്തിയത്.
തുടർന്ന് നവയുഗം ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ ജെസ്സിയുമായും, പോലീസ് അധികാരികളുമായും ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കി. തുടർന്ന് മഞ്ജുവിന്റെ നിർദ്ദേശപ്രകാരം ജെസ്സി, ദമാംമിലെ ഇന്ത്യൻ എംബസ്സി ഹെൽപ്ഡെസ്ക്കിൽ എത്തി പരാതി നൽകി.
അവിടെ എത്തിയ മഞ്ജു മണിക്കുട്ടൻ ജെസ്സിയുടെ സ്പോൺസറുമായും, വിസ ഏജന്റുമായും ഫോണിൽ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ചർച്ചകൾക്ക് ഒടുവിൽ രണ്ടു ദിവസത്തിനകം ഫൈനൽ എക്സിറ്റും, വിമാനടിക്കറ്റും നൽകാമെന്നും, കുടിശ്ശിക ശന്പളം ഒരു മാസത്തിനകം നാട്ടിൽ അയച്ചു തരാമെന്നും സ്പോൺസർ സമ്മതിച്ചു.
സ്പോൺസർ ശന്പളം അയച്ചു തന്നില്ലെങ്കിൽ താൻ നേരിട്ട് നൽകാമെന്ന് ഏജന്റും ഉറപ്പു തന്നു. ആ ധാരണകളുടെ അടിസ്ഥാനത്തിൽ നാട്ടിൽ പോകുന്നത് വരെ മഞ്ജു മണിക്കുട്ടന്റെയൊപ്പമാണ് ജെസ്സി തങ്ങിയത്.

