ഹൂ­തി­കളു­ടെ­ ആക്രമണ ഭീ­ഷണി­ : തെ­ക്കൻ അതി­ർ­ത്തി­യിൽ സൗ­ദി­ സു­രക്ഷ ശക്തമാ­ക്കി­


റിയാദ് : യെമനിൽ നിന്നുള്ള ഹൂതികളുടെ ആക്രമണം ചെറുക്കുന്നതിനായി തെക്കൻ അതിർത്തിയിൽ സൗദി സുരക്ഷ ശക്തമാക്കി. ഇറാന്‍റെ പിന്തുണയോടെ യെമനിലെ ഹൂതി ഭീകരവാദികൾ‍ സൗദിക്ക് നേരെ ഇതുവരെ 83 തവണ മിസൈൽ ആക്രമണം നടത്തിയതായി സഖ്യസേനാ വക്താവ് തുർക്കി ബിൻ സാലിഹ് അൽ മാൽകി പറഞ്ഞു. 

കഴിഞ്ഞ ദിവസം റിയാദിനു നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സഖ്യസേന തകർത്തിരുന്നു. യെമനിലെ എൺപത്തിയഞ്ചു ശതമാനം പ്രദേശങ്ങളും ഇപ്പോൾ നിയമാനുസൃത ഗവൺമെന്‍റിന് കീഴിലാണെന്ന് തുർക്കി അൽ മാലികി പറഞ്ഞു. 11,000 ഹൂതി ഭീകരവാദികൾ ഇതുവരെ കൊല്ലപ്പെട്ടു. ഇറാനിയൻ അജണ്ട നടപ്പിലാക്കുന്ന ഹൂതികൾക്കെതിരെയുള്ള പോരാട്ടം തുടരാൻ അദ്ദേഹം യെമനികളോട് ആവശ്യപ്പെട്ടു.

അസീർ‍, നജ്റാൻ‍, ജിസാൻ എന്നീ ഭാഗങ്ങളിലാണ് കൂടുതൽ സൈനിക സാന്നിധ്യം ഉള്ളത്. ഈ വർഷം ജനുവരി 27നാണ് സൗദിയെ ലക്ഷ്യമാക്കി ആദ്യ ഹൂതി മിസൈൽ ആക്രമണം ഉണ്ടായത്. നജ്റാൻ നഗരത്തെ ലക്ഷ്യമാക്കി വന്ന മിസൈൽ സൗദി സേന തകർത്തു. 

ജിസാൻ‍, അബഹ, ഖമീഷ് മുശൈത്ത് എന്നീ നഗരങ്ങളിൽ മിസൈൽ ആക്രമണങ്ങൾ ഉണ്ടായി. കഴിഞ്ഞ ജൂലൈ 28നു വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു. നവംബർ നാലിനും ഡിസംബർ പത്തൊന്പതിനുമാണ് റിയാദ് നഗരത്തിനു നേരെ ആക്രമണം ഉണ്ടായത്. 

സൗദിയിലെ ജിസാൻ, നജ്റാൻ, അസീർ ഭാഗങ്ങളിൽ ഹൂതികൾ‍ നടത്തിയ റോക്കറ്റ് ആക്രമങ്ങളിൽ 2800 വീടുകൾ‍, 1300 വാഹനങ്ങൾ‍, 272 കടകൾ, 87 കൃഷി തോട്ടങ്ങൾ, 70 സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയവ തകർന്നിരുന്നു. ജിസാനിൽ രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നജ്റാനിൽ രണ്ടു പേർ മരിക്കുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസീറിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed