അടു­ത്ത വർ­ഷം മു­തൽ ഇലക്ട്രോ­ണിക് ഹജ്ജ് വി­സ ലഭ്യമാ­ക്കാൻ പദ്ധതി­


മക്ക : അടുത്ത വർഷം മുതൽ എല്ലാ രാജ്യങ്ങളിലും ഇലക്ട്രോണിക് ഹജ്ജ് വിസ ലഭ്യമാക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഉൾ‍പ്പെടെയുള്ള രാജ്യങ്ങളിലെ എംബാർക്കെഷൻ പോയിന്റുകളിൽ‍ നിന്ന് സൗദിയുടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും അടുത്ത വർഷം അവസരം ഒരുക്കും.

എല്ലാ രാജ്യങ്ങൾ‍ക്കും ഇലക്ട്രോണിക് ഹജ്ജ് വിസ അനുവദിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി ഹജ്ജ് ഉംറ സഹമന്ത്രി അബ്ദുൽ ഫതാഹ് ബിൻ സൽമാൻ‍ അറിയിച്ചു. അടുത്ത ഹജ്ജ് മുതൽ ഇത് പ്രാബല്യത്തിൽ കൊണ്ട് വരാനാണ് ശ്രമം. വിദേശ രാജ്യങ്ങളുടെ ഹജ്ജ് മിഷനുകളുമായി ഇതുസംബന്ധമായി ചർച്ച ചെയ്യും. ഹജ്ജ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രോണിക് വിസ കൊണ്ട് വരുന്നത്. 

ഇലക്ട്രോണിക് വിസകൾ വരുന്നതോടെ തീർത്ഥാടകർ സൗദിയിൽ‍ എത്തി തിരിച്ചു പോകുന്നത് വരെയുള്ള നീക്കങ്ങളും അവർക്ക് നൽകുന്ന സേവനങ്ങളും ഓൺലൈൻ വഴി നിരീക്ഷിക്കാൻ ഹജ്ജ് മന്ത്രാലയത്തിനു സാധിക്കും. ഹജ്ജ് സേവനം ചെയ്യുന്ന വിവിധ വകുപ്പുകളുമായി ഇ-വിസ ലിങ്ക് ചെയ്യും. 

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് മുൻ വർഷങ്ങളിൽ ഇലക്ട്രോണിക് ഹജ്ജ് വിസ അനുവദിച്ചത് വിജയകരമായി കണ്ടതിനെ തുടർന്നാണ്‌, മറ്റു രാജ്യങ്ങൾക്കും വിസ അനുവദിക്കുന്നത്.

പാസ്പോർ‍ട്ടിൽ വിസ സ്റ്റാന്പ് ചെയ്യുന്നതിന് പകരം പ്രത്യേക പേപ്പറിലാണ് ഇലക്ട്രോണിക് വിസ അടിക്കുന്നത്. ഇതിൽ രേഖപ്പെടുത്തിയ ബാർകോഡ് വഴി തീർത്ഥാടകരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾ‍ അറിയാം. ഹജ്ജ് തീർത്ഥാടകരുടെ സൗദിയിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ‍ അവരവരുടെ രാജ്യങ്ങളിൽ വെച്ച് തന്നെ പൂർത്തിയാക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മലേഷ്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് കഴിഞ്ഞ വർഷംഈ സേവനം ലഭിച്ചിരുന്നു. 

ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്കും അടുത്ത ഹജ്ജിനു എംബാർക്കെഷൻ‍ പോയിന്റുകളിൽ നിന്ന് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവർക്ക് സൗദിയിൽ വിമാനമിറങ്ങി നേരെ പുറത്ത് വരാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed