ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിച്ചേക്കും


അഹമ്മദാബാദ്∙ ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിച്ചേക്കും. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും തുടരുമെന്നാണു സൂചന, സർക്കാരിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് രൂപാണി രാജിക്കത്തു കൈമാറി.

ഗാന്ധിനഗറിൽ ഇന്ന് ചേരുന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിൽ പുതിയ മന്ത്രിസഭാ രൂപവത്കരണത്തിന് ചുമതലയുള്ള കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയും പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മൻസുഖ് മണ്ഡാവ്യ, കർണാടക ഗവർണർ വജു ഭായ് വാല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നതായി സൂചനകളുണ്ട്. ഇതിൽ മണ്ഡാവ്യയുടെ പേരാണു മുൻപന്തിയിൽ. ലേവ പട്ടേൽ വിഭാഗക്കാരനായ മണ്ഡാവ്യ രാജ്യസഭാംഗമാണ്. കർഷകരുടെ പ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നയാളാണ് ഇദ്ദേഹമെന്നാണ് റിപ്പോർട്ട്. ഇതു കാർഷിക മേഖലയിൽ നഷ്ടപ്പെട്ട സ്വാധീനം പാർട്ടിക്കു വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയുണർത്തുന്നു. കാർഷിക മേഖലകളിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചിരുന്നു. മണ്ഡാവ്യ വളരെ ലളിത ജീവിതം നയിക്കുന്നയാളാണ്. രാജ്യസഭയിൽ സൈക്കിളിൽ യാത്ര ചെയ്താണ് മിക്കപ്പോഴും എത്തുക. ഗുജറാത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പലപ്പോഴും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നതും.

മുഖ്യമന്ത്രിയെ യോഗം തിരഞ്ഞെടുത്താല്‍ ശനിയാഴ്ച ഗവര്‍ണറെ വിവരമറിയിക്കും. ഡിസംബര്‍ 25-ന് സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത.

You might also like

  • Lulu Exchange
  • Straight Forward

Most Viewed