സൗദി 978 ബില്യൺ റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് പ്രഖ്യാപിച്ചു
റിയാദ് : സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു. 2018ലേക്കുള്ള ബജറ്റാണ് റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സൽമാൻ രാജാവ് പ്രഖ്യാപിച്ചത്. 978 ബില്യൺ റിയാലിന്റെതാണ് ബജറ്റ്. വിഷൻ 2030ന്റെ ഭാഗമായി 12 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇത് എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന് മുതൽകൂട്ടാകുമെന്നും രാജാവ് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സന്പദ്ഘടനയുടെ വൈവിധ്യവൽക്കരണവുമാണ് ബജറ്റ് ലക്ഷ്യം വെക്കുന്നതെന്ന് കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പ്രതികരിച്ചു. വിഷൻ 2030 പരിഷ്കരണ പദ്ധതി നടപ്പിലാക്കുക വഴി ഇപ്പോൾ തന്നെ രാജ്യത്ത് പ്രകടമായ മാറ്റം ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നടപ്പു വർഷത്തെ അപേക്ഷിച്ച് 88 ബില്യൺ റിയാൽ അധികമാണ് അടുത്ത വർഷം ചെലവ് പ്രതീക്ഷിക്കുന്നത്. 2017ൽ 890 ബില്യൺ റിയാലിന്റെ ബജറ്റ് ആണ് അവതരിപ്പിച്ചതെങ്കിൽ അടുത്ത വർഷം 978 ബില്യൺ റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് മന്ത്രി സഭാ യോഗത്തിൽ സൽമാൻ രാജാവ് പ്രഖ്യാപിച്ചത്.
അടുത്ത വർഷം 783 ബില്യൺ റിയാൽ വരുമാനം പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ 195 ബില്യൺ റിയാലിന്റെ കമ്മി മാത്രമാണ് ബജറ്റിൽ ഉണ്ടാവുക. 2014 മുതൽ ആഗോള വിപണിയിൽ എണ്ണ വില താഴ്ന്നതോടെ കഴിഞ്ഞ അഞ്ച് വർഷമായി സൗദി അറേബ്യ കമ്മി ബജറ്റാണ് അവതരിപ്പിക്കുന്നത്.

