ഇന്ത്യ-യു.എ.ഇ സഹകരണം : കൂടുതൽ പദ്ധതികൾക്ക് ധാരണ
ദുബൈ : ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കും തിരിച്ചും നിക്ഷേപം വർദ്ധിപ്പിക്കുന്നതു സംബന്ധിച്ച് യു.എ.ഇ സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്നയും ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഗതാഗതം, ഓട്ടോമൊബൈൽ, ഭക്ഷ്യസംസ്കര ണം, വിവരസാങ്കേതിക വിദ്യ, ഊർജ്ജം എന്നീ മേഖലകളിൽ പരസ്പരം നിക്ഷേപം വർദ്ധിപ്പിക്കാൻ ധാരണയായി.
ഇന്ത്യയിൽ നിന്നുള്ള സ്ഥാനപതിമാരുടെയും വിരമിച്ച സ്ഥാനപതിമാരുടെയും കൂട്ടായ്മയൊരുക്കി ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യും. വിവിധ മേഖലകളിൽ ഇവർക്കുള്ള പരിജ്ഞാനം ഉഭയകക്ഷി ബന്ധം വളർത്താൻ ഉപയോഗപ്പെടുത്തും. ഓരോ പദ്ധതിയുടെയും പ്രവർത്തനപുരോഗതിയും തുടർനടപടിക്രമങ്ങളും വിലയിരുത്താനും ഇതുവഴി കഴിയും. ചെറുകിട− ഇടത്തര നിക്ഷേപ സംരംഭങ്ങളിലും ഉന്നത സാങ്കേതിക മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമായതായും വിലയിരുത്തി.
സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും ഉൾപ്പെടെയുള്ള നിർണായക ധാരണാപത്രങ്ങളിൽ ഇന്ത്യയിലെ പവർ ഗ്രിഡ് കോർപറേഷൻ, നാഷണൽ പവർ ട്രെയിനിംങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി.ഐ) എന്നിവയുമായി അബുദാബി വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അതോറിറ്റി(എ.ഡി.ഡബ്ല്യു.ഇ.എ) ഒപ്പുവച്ചിട്ടുണ്ട്. സ്മാർട് ഗ്രിഡ്, ട്രാൻസ്മിഷൻ സാങ്കേതികവിദ്യ, പ്രവർത്തനങ്ങളിലും അറ്റകുറ്റപ്പണിയിലും ആവശ്യമായ പരിശീലനം (ഒ ആൻഡ് എം), അസറ്റ് മാനേജ്‌മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ്, ഊർജ്ജവിതരണം എന്നിവയിലാണു മുഖ്യമായും സഹകരണം. ലോകോത്തര നിലവാരമുള്ള പരിശീലനകേന്ദ്രവും സംവിധാനങ്ങളും യു.എ.ഇയിൽ സ്ഥാപിക്കാനും പവർഗ്രിഡ് സഹായിക്കും.
എ.ഡി.ഡബ്ല്യു.ഇ.എയും എൻ.പി.ടി.ഐയും തമ്മിലുള്ള സഹകരണവും ഇരുരാജ്യങ്ങൾക്കും നേട്ടമാകും. ഊർജരംഗത്ത് വൻ പദ്ധതികളാണ് രൂപംകൊള്ളുന്നത്. പാരന്പര്യേതര ഊർജരംഗത്ത് യു.എ.ഇക്കൊപ്പം കുതിച്ചുചാട്ടത്തിനു തയ്യാറെടുക്കുകയാണ് ഇന്ത്യ. സൗരോർജ, കാറ്റാടിപ്പാട പദ്ധതികൾ വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ വ്യാപകമാക്കും. ഈ രംഗത്ത് നൂതന സാങ്കേതികവിദ്യകൾ സ്വന്തമായി വികസിപ്പിച്ച രാജ്യമാണ് യു.എ.ഇ.

