മക്കയെ ലക്ഷ്യമാക്കി വന്ന മിസൈൽ സൗദി സൈന്യം തകർത്തു
മക്ക : മക്കയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം. ഇന്നലെ രാത്രിനടന്ന ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു. ഇന്നലെ രാത്രിയാണ് വിശുദ്ധ നഗരമായ മക്കയ്ക്ക് നേരെ യെമനിലെ ഹൂത്തി ഭീകരവാദികൾ മിസൈൽ ആക്രമണം നടത്തിയത്. സൗദി വ്യോമസേന ഈ ശ്രമം തകർത്തതായി അറബ് സഖ്യസേന വെളിപ്പെടുത്തി.
മക്കയിൽ നിന്നും ഏതാണ്ട് 69 കിലോമീറ്റർ അകലെ തായിഫിനടുത്ത് അൽ വസ്ലിയ എന്ന സ്ഥലത്ത് വെച്ചാണ് സൗദി സേന മിസൈൽ തകർത്തത്. നാശ നഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹജ്ജ് സീസൺ ആരംഭിച്ച സാഹചര്യത്തിൽ പുണ്യസ്ഥലങ്ങളിൽ ആക്രമണം നടത്തുകയാണ് ഹൂതികളുടെ ശ്രമമെന്ന് സൗദി കുറ്റപ്പെടുത്തി. യെമനികൾക്ക് സഹായം എത്തിക്കുന്ന കപ്പലുകൾക്ക് ഹുദൈദ തുറമുഖം തുറന്നു കൊടുത്തത് ഭീകരവാദികൾ ദുരുപയോഗം ചെയ്യുകയാണെന്നും സഖ്യസേന പറഞ്ഞു.
ഈ തുറമുഖം വഴി ഹൂതികൾക്ക് മിസൈലുകൾ എത്തിക്കുന്നതായി സേന കണ്ടെത്തി. ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം യു.എൻ ഏറ്റെടുക്കണമെന്ന സഖ്യസേനയുടെ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഭീകരവാദികൾക്ക് സഹായമെത്തിക്കാൻ ഇറാൻ ഇത് കൂടുതൽ കരുത്തേകിയതായി സേന വിലയിരുത്തുന്നു.

