യു.എസ് നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് റഷ്യ
മോസ്കോ : രാജ്യത്തിനെതിരേ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിന് തിരിച്ചടി നൽകി റഷ്യൻ ഭരണകൂടം. സപ്തംബർ ഒന്നിനകം റഷ്യയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം 455 ആയി പരിമിതപ്പെടുത്തണമെന്നു റഷ്യൻ വിദേശമന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടു. മോസ്കോയിൽ യു.എസ് നയതന്ത്രപ്രതിനിധികളുടെ ഉപയോഗത്തിലുണ്ടായിരുന്ന ഒരു ഡാച്ചായും (ആഡംബര വസതി) ഒരു വെയർഹൗസും റഷ്യൻ അധികൃതർ പിടിച്ചെടുത്തു.
റഷ്യ, ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾക്ക് എതിരേ കൂടുതൽ ഉപരോധത്തിനു വ്യവസ്ഥ ചെയ്യുന്ന ബിൽ കഴിഞ്ഞദിവസമാണു യു.എസ് സെനറ്റ് പാസാക്കിയത്. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും പിന്തുണച്ച ഉപരോധ ബിൽ രണ്ടിനെതിരേ 98 വോട്ടുകൾക്കാണു പാസായത്. ജനപ്രതിനിധി സഭ നേരത്തെ ബില്ലിന് അംഗീകാരം നൽകിയിരുന്നു. ഇനി പ്രസിഡണ്ട് ട്രംപ് ഒപ്പിട്ടാൽ ബിൽ നിയമമാകും. പ്രസിഡണ്ടിന് ആവശ്യമെങ്കിൽ വീറ്റോ പ്രയോഗിക്കാനും സാധിക്കും.
തങ്ങൾ വളരെ ക്ഷമാപൂർവവും സ്വയം നിയന്ത്രിച്ചുമാണ് ഇതുവരെ പ്രവർത്തിച്ചതെന്നും ഒരു ഘട്ടം കഴിഞ്ഞാൽ പ്രതികരിക്കേണ്ടത് ആവശ്യമാണെന്നും കഴിഞ്ഞദിവസം ഫിൻലൻഡിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡണ്ട് പുടിൻ പറഞ്ഞു.

