ദേശീയ പുരോഗതിയും സുരക്ഷയും വിലയിരുത്തി ഹമദ് രാജാവും സൽമാൻ കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ: സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. രാജ്യത്തെ പുതിയ സംഭവവികാസങ്ങളും ഗവൺമെന്റിന്റെ പ്രവർത്തന പുരോഗതിയും വിലയിരുത്തുന്നതിനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
വിവിധ മേഖലകളിൽ രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനും കൈവരിച്ച നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ആഭ്യന്തര കാര്യങ്ങളും ശ്രമങ്ങളും യോഗത്തിൽ ചർച്ചയായി. ബഹ്റൈന്റെ വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിലും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്നതിലും കിരീടാവകാശി നടത്തുന്ന മികച്ച ശ്രമങ്ങളെ ഹമദ് രാജാവ് അഭിനന്ദിച്ചു.
ബഹ്റൈൻ അതിർത്തി ലക്ഷ്യമിട്ടുണ്ടായ ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്, നാഷണൽ ഗാർഡ്, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവർ വഹിച്ച നിർണായക പങ്കിനെ രാജാവ് പ്രത്യേകം പ്രശംസിച്ചു. രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും കാവൽ കോട്ടയായി നിലകൊള്ളുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസത്തിലും ധീരതയിലും സമർപ്പണബോധത്തിലും താൻ ഏറെ അഭിമാനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ഐക്യവും ഒത്തൊരുമയുമാണ് രാജ്യത്തിന്റെ പുരോഗതിയുടെ പ്രധാന തൂണുകളെന്ന് വ്യക്തമാക്കിയ രാജാവ്, വികസനത്തിലും സുരക്ഷിതത്വത്തിലും ബഹ്റൈൻ എപ്പോഴും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പുനരുദ്ഘോഷിച്ചു. സമാധാനത്തിന് അനുകൂലമായ നിലപാടാണ് ബഹ്റൈൻ എക്കാലത്തും സ്വീകരിക്കുന്നതെന്നും പ്രാദേശികവും ആഗോളവുമായ തലത്തിൽ കൂടുതൽ സ്ഥിരതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
dfgdg

