ഖത്തർ പ്രതിസന്ധി: തുർക്കി പ്രസിഡണ്ട് സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
റിയാദ് : സൗദി അനുകൂല രാജ്യങ്ങൾ ഖത്തറിനുനേരേ കൊണ്ടുവന്ന ഉപരോധത്തിന് അയവുവരുത്താൻ തുർക്കി പ്രസിഡണ്ട് റജബ് തയ്യിപ് എർദോഗാന്റെ മധ്യസ്ഥശ്രമം. സൗദിയിലെത്തിയ എർദോഗാൻ സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തി.
പ്രതിസന്ധി തുടരാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും സഹോദരങ്ങൾ തമ്മിൽ സംഘർഷ മുണ്ടാക്കാൻ ശത്രുക്കൾ ശ്രമം നടത്തുന്നതായും എർദോഗാൻ പറഞ്ഞു. പ്രശ്നത്തിൽ ഖത്തർ സ്വീകരിച്ച നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിൽ സൗദി അറേബ്യയ്ക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ സബയുടെ മധ്യസ്ഥ ശ്രമങ്ങളെയും എർദോഗാൻ പിന്തുണച്ചു.
സൗദിയിൽ നിന്നു കുവൈത്തിലെത്തുന്ന എർദോഗൻ പ്രശ്നപരിഹാര ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹുമായി ചർച്ച നടത്തും. സൗദി സഖ്യവും ഖത്തറും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് കുവൈത്ത്. തുടർന്നു ഖത്തറിലെത്തി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായും കൂടിക്കാഴ്ച നടത്തും.
ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ., ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ജൂൺ അഞ്ചിന് ഖത്തറിനുമേൽ ഉപരോധം പ്രഖ്യാപിച്ചത്.

