സൗദിയിൽ മൂടൽ മഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഷീബ വിജയൻ
യാംബു I സൗദിയിൽ വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ മഴയും മൂടൽ മഞ്ഞും ചിലയിടങ്ങളിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ ചില ഉയർന്ന പ്രദേശങ്ങളിലും പർവത മേഖലകളിലും കഴിഞ്ഞ ദിവസം മുതൽ തന്നെ മേഘാവൃതമായ അന്തരീക്ഷം പ്രകടമായിട്ടുണ്ട്. വരും ദിവസങ്ങളിൽ പല പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴക്കുള്ള സാധ്യതയെയും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ശക്തമായ ചൂടിൽ നിന്ന് താപനില കുറയുന്ന മാറ്റത്തിലേക്ക് രാജ്യം കടന്നുകഴിഞ്ഞു. രാജ്യത്ത് കടുത്ത വേനൽ ഇതിനകം വിട പറഞ്ഞിട്ടുണ്ട്. മിക്ക ഭാഗങ്ങളിലും മിതമായ കാലാവസ്ഥയിലേക്ക് നീങ്ങിയിട്ടുണ്ട്. ചിലയിടങ്ങളിൽ പകൽ ചൂടുള്ള താപനിലയാണെങ്കിൽ രാത്രിയിൽ മിതമായ കാലാവസ്ഥയാണ് പ്രകടമാകുന്നത്. ജീസാൻ, അസീർ, അൽബഹ, മക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ ഈ ആഴ്ച അവസാനം വരെ മഴയും മൂടൽ മഞ്ഞും പ്രതീക്ഷിക്കുന്നതായി കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയുടെയും റിയാദിന്റെയും ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുമെന്നും കേന്ദ്രം പ്രവചിച്ചു. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ മാറ്റം രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും കേന്ദ്രം സൂചിപ്പിച്ചു.
ADSSXAS