ജിദ്ദ - മക്ക ട്രെയിൻ സർവീസ് ഓരോ മണിക്കൂറിലും


അക്ബർ പൊന്നാനി

ജിദ്ദ: സൗദി റെയിൽവേ കമ്പനി (എസ് എ ആർ - സാർ) 1446 ഹജ്ജ് സീസണിനായുള്ള പ്രവർത്തന പദ്ധതി ഊർജിതമായി നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി ഹജ്ജ് സന്നാഹങ്ങൾ പൂർണതോതിലേക്ക് പുരോഗമിക്കവേ സാർ ജിദ്ദയിൽ നിന്ന് മക്കയിലേക്ക് മണിക്കൂർ തോറും സർവീസ് ആരംഭിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്
മക്ക സ്റ്റേഷനിലേക്കാണ് ഓരോ മണിക്കൂറിലും ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ സർവീസ് നടത്തി കൊണ്ടിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ട്രെയിനുകളിൽ ഒന്നാണിത്, മണിക്കൂറിൽ 300 കിലോമീറ്റർ വേഗത കൈവരിക്കുന്ന വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറിൽ താഴെയായി കുറയ്ക്കുന്നു.

ഹജ് സീസണിൽ തീർഥാടകരുടെ ഗതാഗതം സുഗമമാക്കുന്നതിനും സേവന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഈ സീസണിലെ പ്രവർത്തന പദ്ധതിയുടെ ഭാഗമായി 4,700-ലധികം ഷെഡ്യൂൾ ചെയ്ത സർവീസുകൾ നടത്തുമെന്ന് സൗദി റെയിൽവേ കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര തീർത്ഥാടകരുടെ എണ്ണത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്ന വർദ്ധനവും കണക്കിലെടുത്താണ് ജിദ്ദാ വിമാനത്താവള സ്റ്റേഷനിൽ നിന്ന് മക്കാ റെയിൽവേ സ്റ്റേഷനിലേക്കുള്ള ട്രെയിൻ സർവീസുകളുടെ എണ്ണത്തിൽ വരുത്തിയ വർദ്ധനവ്.


സുഗമമായ പ്രവർത്തന നൈരന്തര്യം ഉറപ്പാക്കുകയും തീർത്ഥാടകരുടെ വരവ് പോക്കിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും കാര്യക്ഷമതയും കൈവരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന മികവും, എസ് എ ആർ അധികൃതരുമായുള്ള ഏകോപനവും സഹായകരമാവുകയാണ്.

You might also like

Most Viewed