മുതാസ് വീണ്ടും കളിക്കളത്തിൽ
ദോഹ : ഖത്തറിന്റെ ഒളിംപിക് ചാംപ്യൻ മുതാസ് ഇസ്സ ബർഷിം ഇന്ന് വീണ്ടും കളിക്കളത്തിലിറങ്ങും. ഇന്ന് നടക്കുന്ന പോളിഷ് രാജ്യാന്തര അത്‌ലറ്റിക്സ് സൗഹൃദ ചാംപ്യൻഷിപ്പിലാണു ഹൈജംപ് താരമായ മുതാസ് പങ്കെടുക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് മുതാസ് വിശ്രമത്തിലായിരുന്നു. പരുക്ക് പൂർണമായും ഭേദമായി തികഞ്ഞ ആരോഗ്യത്തോടെയാണ് വീണ്ടും കളിക്കളത്തിലിറങ്ങുന്നതെന്നു ഖത്തർ അത്‌ലറ്റിക്സ് ഫെഡറേഷൻ സെക്രട്ടറി ജനറൽ മുഹമ്മദ് ഇസ്സ അൽ ഫദ്‌ല പറഞ്ഞു.
ദോഹയിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന ഐഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ തയാറെടുപ്പുകൾക്കായുള്ള ഏതാനും പരിശീലന പരിപാടികളിലും മുതാസ് പങ്കെടുക്കും. 2017 ൽ ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന ഐഎഎഫ് ലോക ചാംപ്യൻഷിപ്പിൽ 2.35 മീറ്റർ ചാടിബർഷിം രാജ്യത്തിന് സ്വർണം നേടികൊടുത്തിരുന്നു. 2016 റിയോ ഒളിംപിക്സിൽ വെള്ളിയും 2012 ലെ ലണ്ടൻ ഒളിംപിക്സിൽ വെങ്കലവും കരസ്ഥമാക്കിയാണ് കായിക ചരിത്രത്തിൽ രാജ്യത്തിന്റെ പ്രൗഢി ഉയർത്തിയത്.

