ഖത്തറിൽ കേരള ബിസിനസ് ഫോറം പ്രവർത്തനമാരംഭിച്ചു
ദോഹ : ഖത്തറിൽ മലയാളി സംരംഭ കരുടെ കൂട്ടായ്മ കേരള ബിസിനസ് ഫോറം (കെ.ബി. എഫ്) പ്രവർത്തനമാരംഭിച്ചു. ഖത്തർ ചേംബർ ഓഫ് കോമേഴ്സിന്റെയും മനാട്ടക്കിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, കേരളത്തിൽ നിന്നും പതിറ്റാണ്ടുകൾക്ക് മുന്പേ ഖത്തറിലെത്തി തങ്ങളുടേതായ വ്യവസായ സ്ഥാപനങ്ങൾ പടുത്തുയർത്തി, വ്യക്തിമുദ്ര പതിപ്പിച്ച ആറ് വ്യവസായ പ്രമുഖരെ ആദരിച്ചു.
കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ ആവിഷ്‌കാരത്തോടെയാണ് സമ്മേളനപരിപാടികള്‍ ആരംഭിച്ചത്. ദോഹ എസ്.ഡി സെന്ററിലെ കലാകാരികൾ അവതരിപ്പിച്ച നൃത്തത്തോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. ദോഹയിലെ പ്രമുഖ വാദ്യമേളക്കാരുടെ ചെണ്ടമേളം സമ്മേളനത്തിന്റെ കേരളത്തനിമയ്ക്ക് മിഴിവേകി.
കെ.ബി.എഫിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തർ ചേംബറിന്റെ ഡയറക്ടർ (പബ്ലിക് റിലേഷൻസ് വിഭാഗം) അഹമ്മദ് അബു നഹിയാ, ആദരിക്കപ്പെട്ട വ്യവസായ ശ്രേഷ്ഠർ, പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി നിർവ്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കെ.ബി. എഫിന്റെ പ്രസിഡണ്ട് അബ്ദുല്ല തെരുവത്തു അധ്യക്ഷത വഹിച്ചു. ഖത്തറിലെ സംരംഭകർക്ക് മാർഗനിർദ്ദേശം നൽകാനും ഒരുമയുടെയും പങ്കുവെക്കലിന്റെയും അനുഭവം കൂടുതൽ വിജയത്തിലേക്ക് അവരെ നയിക്കുമെന്ന തിരിച്ചറിവ് നൽകാനും കെ.ബി.എഫ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബിസിനസ് സമൂഹം ഖത്തറിലെ വ്യാവസായിക സമൂഹത്തിനു നൽകുന്ന സേവനങ്ങളെ തന്റെ പ്രസംഗത്തിൽ നഹിയാ ശ്ലാഘിച്ചു. ഖത്തറിന്റെ പുരോഗതിക്കു വലിയ സംഭാവനകൾ ചെയ്യുന്ന ഇന്ത്യൻ സമൂഹം തങ്ങളുടെ സ്വന്തം സഹോദരരാണെന്നു അദ്ദേഹം പറഞ്ഞു.


