തിഹാർ ജയിലിൽ ചാൾസ് ശോഭരാജിന്റെ കൂട്ടാളിക്ക് ഭക്ഷണം എത്തിച്ചുനൽകി ഇന്ദിരാഗാന്ധി; ഓർമ്മകൾ പങ്കുവെച്ച് സോണിയ


ഷീബ വിജയൻ

 

ന്യൂഡൽഹി: 1978-ലെ ക്രിസ്മസ് ദിനത്തിൽ തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ദിരാഗാന്ധിക്ക് ഭക്ഷണം എത്തിച്ചപ്പോൾ, കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജിന്റെ വിദേശിയായ കൂട്ടാളിക്കും ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം ഭക്ഷണം നൽകിയിരുന്നതായി സോണിയ ഗാന്ധി. നവംബർ പത്തിന് പുറത്തിറങ്ങിയ തന്റെ ആത്മകഥയായ 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിലാണ് സോണിയ ഗാന്ധി ഈ അപൂർവ്വ അനുഭവം വിവരിക്കുന്നത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലെത്തിയ ജനതാ പാർട്ടി സർക്കാർ അവകാശലംഘനത്തിന്റെ പേരിൽ 1978 ഡിസംബർ 19-നാണ് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഒരാഴ്ചക്കാലമാണ് അവർ തിഹാർ ജയിലിൽ കഴിഞ്ഞത്. ക്രിസ്മസ് ദിനത്തിൽ തനിക്ക് ഉച്ചഭക്ഷണം കൊണ്ടുവരുമ്പോൾ, കാവൽ നിൽക്കുന്ന മൂന്ന് വനിതാ ഉദ്യോഗസ്ഥർക്കും അതേ കോമ്പൗണ്ടിൽ കഴിയുന്ന ഒരു വിദേശ വനിതാ തടവുകാരിക്കും കൂടി തികയുന്ന ഭക്ഷണം കൊണ്ടുവരണമെന്ന് ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടിരുന്നു. തായ്‌ലൻഡ്, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിലായി വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ചാൾസ് ശോഭരാജിന്റെ കൂട്ടാളിയായ ഒരു 'ഓസ്‌ട്രേലിയൻ പെൺകുട്ടി' ആയിരുന്നു ആ തടവുകാരിയെന്ന് സോണിയ ഓർക്കുന്നു. 1976-ൽ ശോഭരാജിനൊപ്പം അറസ്റ്റിലായ കനേഡിയൻ കാമുകി മേരി-ആൻഡ്രീ ലെക്ലർക്ക് ആയിരിക്കാം ഇതെന്നും, വ്യാജ ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിൽ യാത്ര ചെയ്തിരുന്നതിനാലാകാം ഓസ്‌ട്രേലിയക്കാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതെന്നും കരുതപ്പെടുന്നു. ആ പെൺകുട്ടിയോട് ഇന്ദിരാഗാന്ധിക്ക് സഹതാപം തോന്നിയിരുന്നുവെന്നും, അവൾ പന്നിയിറച്ചി കഴിക്കില്ലെന്ന് അറിഞ്ഞപ്പോൾ മെനു മാറ്റി പകരം റോസ്റ്റ് ചിക്കൻ തയ്യാറാക്കി കൊണ്ടുപോയതായും സോണിയ പുസ്തകത്തിൽ വ്യക്തമാക്കുന്നു.ക്രിസ്മസ് ദിനത്തിൽ ഭക്ഷണവുമായി നേരിട്ട് വരരുതെന്നും രാജീവിനും മക്കൾക്കുമൊപ്പം ഭക്ഷണം കഴിക്കണമെന്നും ഇന്ദിരാഗാന്ധി കുറിപ്പിലൂടെ നിർദ്ദേശിച്ചിരുന്നെങ്കിലും സോണിയ അത് സ്നേഹപൂർവ്വം നിരസിച്ച് ജയിലിലെത്തുകയായിരുന്നു.

കൊടുംതണുപ്പുള്ള ഡിസംബറിൽ വാതിലുകളോ ജനലുകളോ ഇല്ലാത്ത, ഇരുമ്പഴികൾ മാത്രമുള്ള തണുത്തുറഞ്ഞ സെല്ലിൽ ഒരു കോൺക്രീറ്റ് ബ്ലോക്കിന് മുകളിലായിരുന്നു ഇന്ദിരാഗാന്ധി കിടന്നിരുന്നത്. എങ്കിലും മക്കളായ രാഹുലിനെയും പ്രിയങ്കയെയും കണ്ടപ്പോൾ അവരുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങിയതായും, സെല്ലിലെ 193 ഇരുമ്പഴികളും 11 പൂട്ടുകളും എണ്ണി നോക്കിയതായി ഇന്ദിരാഗാന്ധി തമാശരൂപേണ കുറിപ്പയച്ചതായും സോണിയ ഓർമ്മിക്കുന്നു. 1978 ഡിസംബർ 26-നാണ് ഇന്ദിരാഗാന്ധി ജയിൽ മോചിതയായത്.

article-image

cbvv

You might also like

  • Lulu Exchange
  • Straight Forward

Most Viewed