ഇറാനെ ആക്രമിക്കാൻ നെതന്യാഹു, തടഞ്ഞ് ട്രംപ്; ഇരുനേതാക്കളും തമ്മിൽ കടുത്ത ഭിന്നത


ഷീബ വിജയൻ

വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം കടുത്ത വാഗ്വാദത്തിൽ കലാശിച്ചതായി റിപ്പോർട്ട്. ഇറാനെതിരെ സൈനിക ആക്രമണം പുനരാരംഭിക്കുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം വഷളാക്കിയതെന്ന് ഇസ്രായേലി വാർത്താ വെബ്‌സൈറ്റായ 'വൈനറ്റ് ന്യൂസ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഈ വാർത്ത നെതന്യാഹുവിന്റെ ഓഫീസ് പൂർണ്ണമായും തള്ളിക്കളഞ്ഞു. നേതാക്കൾ തമ്മിൽ ചർച്ച നടന്നതായി മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചെങ്കിലും അത് കനത്ത വാഗ്വാദത്തിലേക്ക് പോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി നയതന്ത്ര പരിഹാരങ്ങൾക്കാണ് ട്രംപ് മുൻഗണന നൽകുന്നതെങ്കിൽ, സൈനിക നടപടിയും ഇറാനിൽ ഭരണമാറ്റവുമാണ് നെതന്യാഹു ആവശ്യപ്പെടുന്നത്. ഇസ്രായേലിൽ നെതന്യാഹുവിന്റെ നേതൃത്വത്തിനെതിരെ എതിർപ്പുകൾ ശക്തമാകുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഭിന്നത പുറത്തുവരുന്നത്. വാരാന്ത്യത്തിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത വർദ്ധിച്ചുവെന്നും, "നരകതുല്യമായ അലർച്ച" എന്നാണ് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ ഇതിനെ വിശേഷിപ്പിച്ചതെന്നും വൈനറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെതിരെയുള്ള ആക്രമണങ്ങൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് നെതന്യാഹു ദിവസവും ട്രംപിനെ വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് 'ഫിനാൻഷ്യൽ ടൈംസും' റിപ്പോർട്ട് ചെയ്തു. യുദ്ധം ആഗ്രഹിക്കാത്തവർ വൈറ്റ് ഹൗസിനകത്തും പുറത്തും ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, സംഘർഷം വ്യാപിപ്പിക്കാതെ നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകാൻ പ്രാദേശിക നേതാക്കൾ ട്രംപിനോട് ആവശ്യപ്പെടുന്നുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. നെതന്യാഹുവിന്റെ സമ്മർദ്ദതന്ത്രത്തിൽ അറബ്, മുസ്ലിം നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ യുദ്ധം പുനരാരംഭിക്കാനുള്ള ആവശ്യങ്ങളെ ട്രംപ് എതിർക്കുകയാണ്. ഇറാനെ വിട്ടുവീഴ്ചകൾക്ക് പ്രേരിപ്പിക്കാൻ സാമ്പത്തിക സമ്മർദ്ദം തുടരാനാണ് ട്രംപിന്റെ തീരുമാനം.

article-image

fsdcfxdfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed