സോണിയ ഗാന്ധിയുടെ ആത്മകഥ സിനിമയാകുന്നു; പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് ജഗ്ഗ റെഡ്ഡി


ഷീബ വിജയൻ


ഹൈദരാബാദ്: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' തെലുങ്ക് സിനിമയാക്കുമെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ജഗ്ഗ റെഡ്ഡി അറിയിച്ചു. സോണിയയുടെ ജീവിതവും രാഷ്ട്രീയ യാത്രയും പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ നിർമാണത്തിനായി മണ്ഡലത്തിലെ നേതാക്കളും പ്രവർത്തകരും സാമ്പത്തിക സഹായം നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. മണ്ഡലം കോൺഗ്രസ് കൺവീനർ ജുലകാന്തി അഞ്ജനേയുലു ഇതിനായി രണ്ട് കോടി രൂപ സംഭാവന പ്രഖ്യാപിച്ചു. നിർമാണം ആരംഭിക്കാൻ 50 അംഗ സമിതി രൂപീകരിക്കാനും, നല്ലൊരു സംവിധായകനെ കണ്ടെത്തി ബജറ്റ് സമാഹരിക്കാനും ജഗ്ഗ റെഡ്ഡി നിർദ്ദേശം നൽകി.

ഇന്ദിരാഗാന്ധിയുടെ മരുമകൾ, രാജീവ് ഗാന്ധിയുടെ ഭാര്യ, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മാതാവ് എന്നീ നിലകളിലുള്ള സോണിയയുടെ ജീവിതവും രാഷ്ട്രീയ പ്രവേശനവും ചിത്രത്തിൽ ദൃശ്യവൽക്കരിക്കും. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തെത്തുടർന്ന് കുടുംബം നേരിട്ട ദുരന്തങ്ങളും സോണിയ അനുഭവിച്ച പ്രയാസങ്ങളും മക്കളെ വളർത്തിയതുമെല്ലാം സിനിമയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ അവർ സ്വന്തമായ വ്യക്തിത്വം രൂപപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി പദത്തോട് സോണിയ ഗാന്ധിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് ജഗ്ഗ റെഡ്ഡി അവകാശപ്പെട്ടു. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷവും യു.പി.എ അധികാരത്തിലെത്തിയപ്പോഴും ആ പദവി ഏറ്റെടുക്കാൻ അവർ തയാറായില്ല. പകരം മൻമോഹൻ സിങ്ങിന് അവസരം നൽകിയത് അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ചരിത്രപരമായ തീരുമാനമായിരുന്നു. സോണിയ ഗാന്ധി, മൻമോഹൻ സിങ്, രാഹുൽ ഗാന്ധി എന്നിവരുടെ ആശയങ്ങളാണ് തൊഴിലുറപ്പ് പദ്ധതിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിൽനിന്ന് ഒരാൾ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും രാഹുൽ ഗാന്ധി ആ പദവിയിലെത്തണമെന്നാണ് സോണിയയുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

സോണിയ ഗാന്ധിയുടെ ആത്മകഥ സിനിമയാകുന്നു; പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് ജഗ്ഗ റെഡ്ഡിcdcx

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed