ഇസ്രായേൽ ഉപരോധത്തിൽ വിറങ്ങലിച്ച് ഗസ്സ; കൊടുംതണുപ്പിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


ഷീബ വിജയൻ


ഗസ്സ: മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് ഇസ്രായേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ, ഗസ്സയിൽ അതിശൈത്യം കാരണം ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ ടെന്റിൽ കഴിഞ്ഞിരുന്ന കനാൻ അഹമ്മദ് റക്കീഖ് എന്ന കുഞ്ഞാണ് ഹൈപ്പോതെർമിയ ബാധിച്ച് മരിച്ചത്. രാത്രിയിലെ കൊടുംതണുപ്പിനെത്തുടർന്ന് കുഞ്ഞിന്റെ ശരീരം നീലനിറമാകുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പിതാവ് അഹമ്മദ് റക്കീഖ് പറഞ്ഞു. ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസാൽ ഈ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ കർശന ഉപരോധവും സഹായങ്ങൾക്കുള്ള നിയന്ത്രണങ്ങളുമാണ് ഈ ദാരുണ മരണത്തിന് പിന്നിലെന്ന വിമർശനം അന്താരാഷ്ട്ര തലത്തിൽ ശക്തമായിട്ടുണ്ട്.

ഗസ്സയിലേക്ക് അടിയന്തരമായി താൽക്കാലിക അഭയകേന്ദ്രങ്ങൾ, ഇന്ധനം, കുടിവെള്ളം, ശുചീകരണ സാമഗ്രികൾ, ആരോഗ്യസേവനങ്ങൾ എന്നിവ എത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യു.കെ, ഖത്തർ, ജോർഡൻ എന്നിവയുടെ നേതൃത്വത്തിൽ അൻപതിലധികം രാജ്യങ്ങളും സംഘടനകളും ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സമാധാന ബോർഡും യു.എൻ മാനുഷികകാര്യ വിഭാഗം മേധാവി ടോം ഫ്ലെച്ചറും ഇസ്രായേൽ നയങ്ങളെ വിമർശിച്ചിരുന്നു. എന്നാൽ 91,000 ടെന്റുകൾ ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ ഗസ്സയിലേക്ക് കടത്തിവിട്ടിട്ടുണ്ടെന്നും ജനങ്ങളുടെ ദുരിതങ്ങൾക്ക് കാരണം ഹമാസ് മാത്രമാണെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വാദം. കടുത്ത തണുപ്പിന് പുറമെ ഈ ആഴ്ച പെയ്ത കനത്ത മഴയും ഗസ്സയിൽ വലിയ നാശമാണ് വിതച്ചത്. വെള്ളപ്പൊക്കത്തിൽ പതിനായിരക്കണക്കിന് ടെന്റുകൾ തകരുകയും മണൽത്തിട്ട ഇടിഞ്ഞുവീണ് മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിക്കുകയും ചെയ്തു. നവംബർ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം 26,000 കുടുംബങ്ങളെയാണ് ദുരിതം ബാധിച്ചതെന്ന് യു.എൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് വ്യക്തമാക്കി.

article-image

adsadsasda

You might also like

  • Lulu Exchange
  • Straight Forward

Most Viewed