പാർട്ടി താക്കീത് മറികടന്ന് വഴിവിട്ട ബന്ധം; എലപ്പുള്ളി ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ
ഷീബ വിജയൻ
പാലക്കാട്: ജില്ലയിൽ സിപിഎമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കി വിവാദം. ഭർതൃമതിയുമായുള്ള വഴിവിട്ട ബന്ധത്തെ തുടർന്ന് എലപ്പുള്ളി ഈസ്റ്റ് ഒന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീഷ് കുമാറിനെ പാർട്ടി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വിവാഹബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് കുടുംബ കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. മുൻ ജില്ലാ സെക്രട്ടറിയുടെ വഴിവിട്ട ബന്ധങ്ങൾ വിവാദമായി തുടരുന്നതിനിടെയാണ് എലപ്പുള്ളിയിലും ലോക്കൽ സെക്രട്ടറിയുടെ അവിഹിത ബന്ധം പുറത്താകുന്നത്.
വർഷങ്ങളായി തുടരുന്ന ഈ ബന്ധം മനസ്സിലാക്കിയ യുവതിയുടെ ഭർത്താവ് വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം മകൻ നേരിൽ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തുവെന്നും, ബന്ധുക്കളെത്തിയപ്പോൾ വീട്ടിൽ നിന്നും സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. തന്നെയും മകനെയും വിഷം നൽകി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. വിഷയത്തിൽ പാർട്ടി നേതൃത്വം നേരത്തെ താക്കീത് നൽകിയിരുന്നെങ്കിലും സതീഷ് കുമാർ വിലക്ക് ലംഘിച്ച് ബന്ധം തുടരുകയായിരുന്നു. തൃശൂർ ജില്ലയിലെ യുവതിയുടെ വീട്ടിലെത്തിയും ബന്ധം തുടർന്നതോടെ ഗത്യന്തരമില്ലാതെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. സതീഷ് കുമാറിന് പകരം എലപ്പുള്ളി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ സുരേഷിന് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്.
fvdfdfs


