ജിഎൻഎ കരാർ പ്രായോഗികമല്ല, ഇപ്പോഴത്തെ നിലയ്ക്ക് മുന്നോട്ടില്ല; മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
ഷീബ വിജയൻ
തിരുവനന്തപുരം: ജിഎൻഎയിൽ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിൽ ചില അപ്രായോഗികതകളുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്തിന് വൈദ്യുതി ആവശ്യമില്ലെന്ന് ആർക്കും പറയാനാകില്ലെന്നും കേരളത്തിന്റെ വൈദ്യുതി ആവശ്യകത അനുദിനം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മുൻവർഷത്തേക്കാൾ ആയിരം മെഗാവാട്ടിന്റെ വർദ്ധനവാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ആവശ്യകതയിൽ ഇരട്ടിയിലധികം വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഉത്പാദനം ഇവിടെ നടക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പ്രധാനമായും ജലവൈദ്യുത പദ്ധതികളാണുള്ളത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 180 മെഗാവാട്ട് വൈദ്യുതി മാത്രമാണ് അധികമായി ഉത്പാദിപ്പിക്കാൻ സാധിച്ചത്. എന്നാൽ ഇതേ കാലയളവിൽ ആവശ്യകത 2500 മെഗാവാട്ടായി കുതിച്ചുയർന്നു. കേരളത്തിൽ പ്രത്യേകിച്ചും രാത്രികാലങ്ങളിലാണ് വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ളത്. ഇത് പരിഹരിക്കാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. സോളാർ വൈദ്യുതി കൊണ്ട് മാത്രം ഈ പ്രതിസന്ധി മറികടക്കാനാവില്ലെന്നും, പകൽ ഉത്പാദിപ്പിക്കുന്ന സോളാർ എനർജി ശേഖരിച്ചുവെച്ച് രാത്രികാലങ്ങളിൽ ഉപയോഗിക്കാനായി ബാറ്ററി സ്റ്റോറേജ് സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സോളാർ പദ്ധതികൾ ജനകീയമാക്കാനും വികേന്ദ്രീകൃതമാക്കാനുമായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ജിഎൻഎ എന്നത് ഒരു സ്വകാര്യ പ്ലാറ്റ്ഫോമാണ്. അവർ രാത്രിയും പകലും വൈദ്യുതി നൽകാമെന്ന് പറയുന്നുണ്ട്. ഒറ്റനോട്ടത്തിൽ ഹിമാചൽ വൈദ്യുതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് വിലക്കുറവുണ്ടെന്ന് തോന്നുമെങ്കിലും, ഹിമാചൽ വൈദ്യുതി ഒരു സർക്കാർ പദ്ധതിയാണെന്നതും ജിഎൻഎ സ്വകാര്യ പ്ലാറ്റ്ഫോമാണെന്നതും പ്രധാന വ്യത്യാസമാണ്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രയാസങ്ങളും വ്യത്യാസങ്ങളും വൈദ്യുതി ബോർഡ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ജിഎൻഎ കരാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവന സണ്ണി ജോസഫ് തള്ളിക്കളഞ്ഞു.
dfsfdsfds

