28-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
ദോഹ : 28−ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ കായിക സാംസ്‌കാരിക മന്ത്രി ഡോ. സലാഹ് ബിൻ ഗാനിം അൽ അലി ഉദ്ഘാടനം ചെയ്തു.
അറിവുള്ള സമൂഹത്തിന്റെ നേർക്ക് എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള സംഘടിപ്പിക്കുന്നത്. ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽഖുവാരിയും നിരവധി സ്ഥാനപതിമാരും നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 29 അറബ്, വിദേശരാജ്യങ്ങളിൽ നിന്നുള്ള 400 പ്രസാധകരുടെ 18,185 പുസ്തകങ്ങൾ മേളയിലുണ്ട്. ഇതിൽ 15,423 എണ്ണം അറബി ഭാഷയിലും 2,762 എണ്ണം വിദേശ ഭാഷകളിലുമാണ്.
ഖത്തർ−-ജർമൻ സാംസ്‌കാരിക വർഷാഘോഷം നടക്കുന്നതിനാൽ പുസ്തക മേളയിലെ മുഖ്യാതിഥി ജർമനിയാണ്. ഫ്രഞ്ച് പവലിയനിൽ പ്രത്യേക സാംസ്‌കാരിക പരിപാടികളുമുണ്ട്. 760 പവലിയനുകളും കായിക− സാംസ്‌കാരിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സാന്പത്തിക വാണിജ്യമന്ത്രാലയം, വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയം തുടങ്ങി തൊണ്ണൂറിലധികം സർക്കാർ സ്ഥാപനങ്ങളും പ്രാദേശിക സ്ഥാപനങ്ങളും പ്രസാധകരും പുസ്തകശാലകളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ ഖത്തറിലെയും അറബ്, വിദേശ രാജ്യങ്ങളിലെയും ചിന്തകരും സാഹിത്യകാരന്മാരും എഴുത്തുകാരും ഉൾപ്പെടുന്ന നിരവധി സാംസ്‌കാരിക പരിപാടികളും നടക്കും. സന്ദർശകർക്ക് എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരങ്ങളുമുണ്ട്. ബൗദ്ധിക ചർച്ചകളും കവിതാസായാഹ്നങ്ങളും ഇത്തവണയുണ്ട്. ഡിസംബർ അഞ്ചിന് മേള അവസാനിക്കും.


