ഖത്തറിൽ നിന്നുള്ള എൽ.എൻ.ജി ഇറക്കുമതി : ഇന്ത്യ ഒന്നാം സ്ഥാനത്ത്
ദോഹ : ഖത്തറിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) ഇറക്കുമതിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഈ ഒക്ടോബറിൽ 350 കോടി റിയാലിനുള്ള എൽ.എൻ.ജിയാണ് ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്തത്. ഖത്തറിന്റെ ആകെ കയറ്റുമതിയുടെ 16.7% ആണിത്. വികസനാസൂത്രണ കണക്കെടുപ്പു മന്ത്രാലയം (എം.ഡി.പി.എസ്) പുറത്തുവിട്ട ഒക്ടോബർ മാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സപ്തംബറിൽ ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാൻ ഇത്തവണ 320 കോടി റിയാലിന്റെ ഇടപാടുമായി (15.4%) രണ്ടാം സ്ഥാനത്തായി.
സപ്തംബറിൽ 340 കോടി റിയാലിന്റെ വാതകമാണ് ജപ്പാനിലേക്കു കയറ്റുമതി ചെയ്തത്. എൽ.എൻ.ജി കയറ്റുമതിയിൽ 310 കോടിയുടെ (14.5%) ഇടപാടുമായി ദക്ഷിണ കൊറിയയാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ രണ്ടുമാസങ്ങളായി ഖത്തറിന്റെ കയറ്റുമതിയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇന്ത്യ ഇടംപിടിച്ചിരുന്നില്ല. ഓക്ടോബറിലെ ആകെ കയറ്റുമതി 2,100 കോടി റിയാലിന്റേതാണ്.
ആകെ ഇറക്കുമതി 1,230 കോടിയുമാണ്. 2016 ഒക്ടോബറുമായി താരതമ്യപ്പെടുത്തിയാൽ ആകെ കയറ്റുമതിയിൽ 11.9% വർദ്ധനയുണ്ട്. എന്നാൽ ഈ സപ്തംബറുമായി താരതമ്യപ്പെടുത്തിയാൽ കയറ്റുമതിയിലെ വർദ്ധന 1.9% ആയി ചുരുങ്ങും.
ഈ ഒക്ടോബറിലെ ആകെ ഇറക്കുമതി മുൻവർഷം ഇതേ കാലയളവിനേക്കാൾ 11.2% അധികമാണ്. എന്നാൽ തൊട്ടുമുൻമാസവുമായി താരതമ്യപ്പെടുത്തിയാൽ ഇറക്കുമതിയിലെ വർദ്ധന 52.9% ആകും. പ്രകൃതിവാതക കയറ്റുമതിയിൽ 8.5% വർദ്ധനയുണ്ട്. 1,200 കോടിയാണ് വരുമാനം. അസംസ്കൃത പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി വരുമാനം 410 കോടിയാണ്. 38.9% ആണ് വർദ്ധന. ശുദ്ധീകരിച്ചെടുത്ത പെട്രോൾ, അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വരുമാനം 140 കോടിയാണ്.


