ഭീകരാക്രമണം : ബാഴ്സലോണയിൽ 13 പേർ കൊല്ലപ്പെട്ടു
മാഡ്രിഡ് : സ്പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴ്സിലോണയിൽ ആളുകൾക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ആക്രമണം. ഇതിനുശേഷം വാഹനത്തിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസ് വെടിവച്ചുകൊന്നതായി റിപ്പോർട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. ആക്രമണത്തിന് ഉപയോഗിച്ച വാൻ വാടകയ്ക്ക് എടുത്ത മൊറോക്കൻ പൗരൻ ദ്രിസ് ഔകബിർ (28) ഉൾപ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ടാമനെ സംബന്ധിച്ച് പോലീസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ടു മറ്റൊരാൾ അറസ്റ്റിലുമായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു.
അതേസമയം രണ്ടാമതൊരു ആക്രമണത്തിനു കോപ്പുകൂട്ടിയിരുന്ന നാലംഗ സംഘത്തിലെ എല്ലാവരെയും വെടിവച്ചു കൊന്നതായി സ്പാനിഷ് പോലീസ് അറിയിച്ചു. കാറ്റലോണിയ പ്രവിശ്യയിലെ തീരനഗരമായ കാംബ്രിൽസിലായിരുന്നു സംഭവം. പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇതോടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പോലീസ് നടപടികളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
അതേസമയം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ മൊറോക്കൻ പൗരൻ താമസിച്ചിരുന്ന അൽകാനർ പ്ലാറ്റ്ജയിലെ വീട് സ്‌ഫോടനത്തിൽ തകർന്നു. സംഭവത്തിൽ ഒരാൾ മരിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്പെയിനിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

