ഖത്തറിലെ കതാറയിൽ ലോക ബഹിരാകാശ വാരാചരണം തുടങ്ങി


ഷീബ വിജയൻ

ദോഹ I കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോക ബഹിരാകാശ വാരാചരണത്തിന് തുടക്കമായി. അറിവും വിനോദവും സംയോജിപ്പിച്ച് സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്രസംസ്കാരം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ശാസ്ത്ര -സാംസ്കാരിക പരിപാടികൾ, വർക്ക്‌ഷോപ്പുകൾ, പ്രഭാഷണങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയാണ് വിവിധ ദിവസങ്ങളിലായി അൽ തുറായ പ്ലാനറ്റേറിയത്തിൽ നടക്കുന്നത്. ഒക്ടോബർ ഏഴുവരെ വൈകീട്ട് അഞ്ചുമുതൽ എട്ടുവരെ നടക്കുന്ന പരിപാടിയിൽ നിരവധി ശാസ്ത്രജ്ഞന്മാരും വിദ്യാർഥികളും പങ്കെടുക്കും.

അൽ തുറായ അസ്‌ട്രോണമിക്കൽ ഡോമിൽ കഴിഞ്ഞദിവസം നടന്ന പരിപാടിയിൽ ശാസ്ത്രീയ -വിദ്യാഭ്യാസ പഠന പ്രവർത്തനങ്ങൾ നടന്നു. ഇതോടനുബന്ധിച്ച് കഴിഞ്ഞദിവസം ഷോർട്ട് ഫിലിം പ്രദർശനവും പ്രമുഖ ആസ്ട്രോണമർ ഡോ. ബഷീർ മർസൂഖ് ‘ചന്ദ്രന്റെ വിവിധ ഘട്ടങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. കൂടാതെ കുട്ടികൾക്കായി 'തണ്ടർ മൂൺ' എന്ന പേരിൽ വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു. ഞായറാഴ്ച 'അസ്‌ട്രോഫോട്ടോഗ്രാഫിയുടെ അടിസ്ഥാനങ്ങൾ' എന്ന വിഷയത്തിൽ റബിയ അൽ കുവാരി പ്രഭാഷണം നടത്തി. തുടർന്ന് 'ദി ഫോട്ടോഗ്രാഫേഴ്സ് ജേണി' എന്ന ചിത്രത്തിന്റെ പ്രദർശനവും നടന്നു. തുടർ ദിവസങ്ങളിൽ ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയിലെ ഡോ. ജോർഗ് മത്തിയാസ് ഡീറ്ററിച്ചും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ച് മറ്റൊരു പ്രഭാഷണവും നടക്കും. കൂടാതെ പോളാരിസ് എന്ന 3ഡി സിനിമാ പ്രദർശനം, കുട്ടികൾക്കായി 'ഖലീഫയും അമലും ബഹിരാകാശ യാത്രയിൽ' എന്ന കഥപറച്ചിൽ സെഷൻ, 'സ്റ്റാർസ് - ലൂസിങ് ദി ഡാർക്ക്' എന്ന സിനിമയുടെ പ്രദർശനം തുടങ്ങിയ പരിപാടികളും നടക്കുമെന്ന് കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു.

article-image

aAASAS

You might also like

Most Viewed